ആന്‍റിഗ്വ:ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍. ഗ്രൂപ്പ് ബിയില്‍ നമീബിയയ്‌ക്ക് എതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ഓസീസ് ജയിച്ചത്. സ്കോര്‍: നമീബിയ- 72 (17), ഓസ്ട്രേലിയ- 74/1 (5.4).
ആദ്യം ബാറ്റ് ചെയ്‌ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് നമീബിയയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 43 പന്തില്‍ 36 റണ്‍സ് നേടിയ ഇറാസ്മസിനെക്കൂടാതെ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിന്‍ജന്‍ ( 10 പന്തില്‍ 10) മാത്രമാണ് രണ്ടക്കം തൊട്ടത്.
നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ആദം സാംപയാണ് നമീബിയയെ തകര്‍ത്തത്. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി ജോഷ് ഹെയ്‌സല്‍വുഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരും പിന്തുണ നല്‍കി.
മറുപടിക്ക് ഇറങ്ങിയ ഓസീസ് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 74 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്. എട്ട് പന്തില്‍ 20 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. ട്രാവിസ് ഹെഡ് (17 പന്തില്‍ 34), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (9 പന്തില്‍ 18) എന്നിവര്‍ പുറത്താവാതെ നിന്നു.
ടി20 ലോകകപ്പില്‍ ബാക്കിയുള്ള ബോളുകളുടെ എണ്ണത്തില്‍ ഒരു ടീമിന്‍റെ രണ്ടാമത്തെ വലിയ വിജയമാണിത്. 2014-ല്‍ നെതര്‍ലന്‍ഡ്‌സിനെ 90 റണ്‍സിന് തോല്‍പ്പിച്ചതാണ് റെക്കോഡ് പട്ടികയില്‍ തലപ്പത്ത്. നമീബിയയെ ഓസീസ് തോല്‍പ്പിച്ചത് 86 പന്തുകള്‍ക്കാണ്. 2021-ല്‍ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ 82 പന്തുകള്‍ക്ക് തോല്‍പ്പിച്ചിട്ടുണ്ട്. ഇതേവര്‍ഷം ഇന്ത്യ സ്‌ക്വാട്ട്ലന്‍ഡിനെ 81 പന്തുകള്‍ക്കും തോല്‍പ്പിച്ചിരുന്നു.
ALSO READ: അവസാന ഓവറില്‍ ബംഗ്ലാദേശ് വീണു, മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ - South Africa vs Bangladesh Result