ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പിലെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നായിരുന്നു വിരാട് കോലിയും താരത്തിന്‍റെ സ്ട്രൈക്ക് റേറ്റും. സീസണിന്‍റെ തുടക്കത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് വ്യാപക വിമര്‍ശനങ്ങളായിരുന്നു വിരാട് കോലിയ്‌ക്ക് നേരിടേണ്ടി വന്നത്. രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ കോലി തന്‍റെ ഇന്നിങ്‌സില്‍ 43 പന്ത് നേരിട്ട് 51 റണ്‍സ് നേടി പുറത്തായതോടെ താരത്തിനെതിരായ വിമര്‍ശനങ്ങളും ശക്തമായി.
ഇതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിനെതിരായി അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 44 പന്തില്‍ 70 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ കോലി നേടിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗുജറാത്ത് ആര്‍സിബി മത്സരത്തിന് ശേഷം തനിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി വിരാട് കോലി തന്നെ രംഗത്ത് എത്തുകയും ചെയ്‌തു. കമന്‍ററി ബോക്‌സില്‍ ഇരുന്ന് സംസാരിക്കുന്നത് പോലെയല്ല ഗ്രൗണ്ടിലെ കാര്യങ്ങള്‍ എന്നായിരുന്നു ആ മത്സരത്തിന് ശേഷം വിമര്‍ശകര്‍ക്ക് കോലി നല്‍കിയ മറുപടി.
ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തനിക്ക് അത് ചെയ്യാനും സാധിക്കുന്നുണ്ട്. മത്സരങ്ങളെ കുറിച്ചും താരങ്ങളെ കുറിച്ചും ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാൻ കഴിയുമെങ്കിലും കളിക്കുന്ന താരങ്ങള്‍ക്ക് മാത്രമാകും ഗ്രൗണ്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മനസിലാകുക എന്നായിരുന്നു വിരാട് കോലി പറഞ്ഞത്.