ന്യൂഡൽഹി:ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി മുന്‍ ക്യാപ്‌റ്റനും ഓപണറുമായ സനത് ജയസൂര്യയെ നിയമിച്ചു. 2026 മാര്‍ച്ച് ഒന്ന് വരെയാണ് താരത്തിന്‍റെ കാലാവധി. ജൂലൈ മുതല്‍ ശ്രീലങ്കയുടെ താത്ക്കാലിക പരിശീലകനായി ഇടംകൈയ്യൻ ബാറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. താരത്തിന്‍റെ കീഴില്‍ ഇറങ്ങിയ ശ്രീലങ്കന്‍ ടീം ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ നടന്ന പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ച വെച്ചത്. തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥിരം കോച്ചായി നിയമിച്ചതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഏതാനും മാസങ്ങൾക്കുമുമ്പ് ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പരയായിരുന്നു ഇടക്കാല പരിശീലകനായ ജയസൂര്യയുടെ ആദ്യ നിയമനം. ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പരയിൽ 2-0ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 1997ന് ശേഷം ആദ്യമായാണ് ലങ്ക ഇന്ത്യൻ ടീമിനെതിരെ പരമ്പര നേടുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ വിജയം സ്വന്തമാക്കുകയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും നേടിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനുള്ള സാധ്യതകള്‍ സജീവമാക്കാനുള്ള തന്ത്രപാടിലാണ് ലങ്കന്‍ ടീം.