കേരളം

kerala

ETV Bharat / sports

പരിക്കല്ല, ശ്രേയസിനെ വെട്ടിയത് തന്നെ; തിരിച്ചുവരവ് ഒട്ടും എളുപ്പമല്ല

2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരത്തിന്‍റെ പുറത്താവല്‍ രീതിയില്‍ സെലക്‌ടര്‍മാര്‍ക്ക് കനത്ത ആശങ്കയുണ്ട്.

Shreyas Iyer  India vs England  ശ്രേയസ് അയ്യര്‍  ഇന്ത്യ vs ഇംഗ്ലണ്ട്
Shreyas Iyer is unlikely to be considered for Tests in near future

By ETV Bharat Kerala Team

Published : Feb 10, 2024, 3:48 PM IST

മുംബൈ:ഇംഗ്ലണ്ടിനെതിരായ (India vs England ) ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) ഇടം ലഭിച്ചിരുന്നില്ല. വിശാഖപട്ടണം ടെസ്റ്റിന് ശേഷം താരത്തിന് നടുവേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ പരിക്കുമായി ബന്ധപ്പെട്ടാണ് ശ്രേയസിന്‍റെ പുറത്താവലെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലെ മോശം ഫോമിന്‍റെ അടിസ്ഥാനത്തില്‍ 29-കാരനെ ടീമില്‍ നിന്നും പുറത്താക്കിയതാണെന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇതു റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിലവിലെ പരിക്ക് സെലക്‌ടർമാർക്ക് തങ്ങളുടെ തീരുമാനം എളുപ്പമാക്കി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

പരിക്കിന്‍റെ അടിസ്ഥാനത്തിലാണ് ശ്രേയസിന് വിശ്രമം നല്‍കുന്നതെങ്കില്‍ തങ്ങളുടെ വാര്‍ത്ത കുറിപ്പില്‍ ബിസിസിഐ അതു വ്യക്തമാക്കുമായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. "പരിക്ക് കാരണം ശ്രേയസിന് വിശ്രമം അനുവദിച്ചിരുന്നെങ്കിൽ, തങ്ങളുടെ വാര്‍ത്ത കുറിപ്പില്‍ ബിസിസിഐ അതു വ്യക്തമാക്കുമായിരുന്നു. എന്നാല്‍ സ്‌ക്വാഡ് പ്രഖ്യാപനം സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പില്‍ ശ്രേയസിന്‍റെ കാര്യത്തില്‍ ഇത്തരമൊരു പ്രതികരണം ബിസിസിഐ നടത്തിയിട്ടില്ല. അതിനാല്‍ ശ്രേയസിനെ ഒഴിവാക്കിയത് തന്നെയന്ന് അനുമാനിക്കാം"- ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ശ്രേയസിനെക്കുറിച്ച് മിണ്ടാതെ ബിസിസഐ: ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബിസിസിഐ തങ്ങളുടെ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തിഗത കാരണങ്ങളാല്‍ വിരാട് കോലി കളിക്കില്ലെന്നായിരുന്നു ആദ്യത്തേത്. രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ഇവരെ കളിപ്പിക്കുകയെന്നായിരുന്നു രണ്ടാമത്തെ കാര്യം. സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയ ശ്രേയസിനെക്കുറിച്ച് പ്രസ്‌തുത വാര്‍ത്ത കുറിപ്പിലോ, അല്ലെങ്കില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ ബിസിസിഐ യാതൊരു വിവരവും പങ്കുവച്ചിരുന്നില്ല. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടാം ടെസ്റ്റിനുണ്ടാവില്ലെന്ന് നേരത്തെ ബിസിസിഐ വാര്‍ത്ത കുറിപ്പ് ഇറക്കിയെന്നതും ശ്രദ്ധേയമാണ്.

തിരിച്ചുവരവ് എളുപ്പമല്ല: 2022 ഡിസംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ശ്രേയസിന് കഴിഞ്ഞിട്ടില്ല. ബാറ്റിങ്‌ സൗഹൃദ ഇന്ത്യൻ ട്രാക്കുകളിൽ താരം പുറത്താവുന്ന രീതിയിലും സെലക്‌ടര്‍മാര്‍ക്ക് അതൃപ്‌തിയുണ്ട്. കൂടാതെ ഷോട്ട് ബോളിനെതിരായ ദൗർബല്യം കൂടിയാകുമ്പോൾ താരത്തെ സമീപഭാവിയിൽ ക്രിക്കറ്റിന്‍റെ ദൈർഘ്യമേറിയ പതിപ്പിലേക്ക് പരിഗണിക്കില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിൽ ഇന്ത്യയ്ക്ക് ഒരു വലിയ ടെസ്റ്റ് പരമ്പര കൂടിയാണ് ഇനിയുള്ളത്. വര്‍ഷാവസാനത്തില്‍ ഓസ്‌ട്രേലിയയുടെ മണ്ണില്‍ അവര്‍ക്കെതിരെ അഞ്ച് മത്സര പരമ്പരയാണ് ടീമിനെ കാത്തിരിക്കുന്നത്. പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് നല്‍കുന്ന ഓസ്‌ട്രേലിയയിലെ ട്രാക്കുകളില്‍ ശ്രേയസിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണെന്നാണ് നിലവിലെ അനുമാനം.

ALSO READ: 'പിടിച്ചുവാങ്ങാനുള്ളതല്ല, പ്രവര്‍ത്തികള്‍ കൊണ്ട് നേടിയെടുക്കേണ്ടതാണ് ബഹുമാനവും ആദരവും...': എംഎസ് ധോണി

ABOUT THE AUTHOR

...view details