കോഴിക്കോട്:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ട് മത്സരത്തില്‍ ഗോള്‍ മഴ തുടര്‍ന്ന് കേരളം. ഇന്ന് പുതിച്ചേരിക്കെതിരായി നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് കേരളത്തിന്‍റെ തകര്‍പ്പന്‍ ജയം. സജീഷും നസീബ് റഹ്‌മാനും നേടിയ ഇരട്ടഗോളിന്‍റെ ബലത്തിലാണ് കേരളം മിന്നും വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ജയിച്ച ആതിഥേയര്‍ക്ക് പുതുച്ചേരിക്കെതിരേ സമനില മതിയായിരുന്നു. കളിയുടെ 10-ാം മിനിറ്റു മുതല്‍ കേരളം ഗോളടി തുടര്‍ന്നു. ഗനി അഹമ്മദ് നിഗമായിരുന്നു കേരളത്തിനായി ആദ്യ ഗോളടിച്ചത്. 14-ാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ പന്ത് പുതുച്ചേരിയുടെ വലയിലെത്തിച്ചതോടെ കളിയുടെ നിയന്ത്രണം കേരളം ഏറ്റെടുക്കുകയായിരുന്നു.
പിന്നാലെ 19-ാം മിനിറ്റില്‍ ഇ. സജീഷ് കേരളത്തിനായി മൂന്നാം ഗോളും സ്വന്തമാക്കി. 10 മിനിറ്റിനിടെ മൂന്ന് ഗോളുകളായിരുന്നു പിറന്നത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന കേരളം 53-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റി ഡേവിസില്‍ പന്ത് വലയില്‍ എത്തിച്ചപ്പോള്‍ കേരളം ജയം ഉറപ്പിച്ചു.