ന്യൂഡല്‍ഹി :ഐപിഎല്ലിന്‍റെ പുതിയ സീസണിലൂടെ റിഷഭ് പന്ത് (Rishabh Pant) കളിക്കളത്തിലേക്ക് തിരികെ എത്തുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്‍ 2024 (IPL 2024)- സീസണില്‍ പന്ത് കളിക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) പരിശീലകന്‍ റിക്കി പോണ്ടിങ്ങും (Ricky Ponting) ടീം ഡയറക്‌ടര്‍ സൗരവ് ഗാംഗുലിയും (Sourav Ganguly) നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ 26-കാരന്‍റെ തിരിച്ചുവരവില്‍ ഒരല്‍പം ആശങ്ക നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പന്തിന് ഇതേവരെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. പന്ത് മാച്ച് ഫിറ്റായിട്ടില്ലെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ സീസണിനുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡില്‍ താരത്തിന് ഇടം ലഭിച്ചിട്ടുമില്ല. ക്ലിയറന്‍സ് ലഭിക്കാതെ കളിക്കാന്‍ കഴിയില്ലെങ്കിലും അധിക താരമായി പന്തിനെ സ്‌ക്വാഡില്‍ ചേര്‍ക്കാന്‍ ഡല്‍ഹിക്ക് അവസരമുണ്ട്. എന്നാല്‍ ഇതിനായി ബിസിസിഐ അനുമതി ലഭിക്കേണ്ടതുണ്ട്.
2022 ഡിസംബര്‍ അവസാനത്തില്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് റിഷഭ് പന്ത് ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്‍ 2024-ല്‍ പന്ത് കളിക്കുമെന്നും എന്നാല്‍ വിക്കറ്റ് കീപ്പറാവില്ലെന്നുമായിരുന്നു ഗാംഗുലി നേരത്തെ പ്രതികരിച്ചത്. മാര്‍ച്ച് അഞ്ചിന് താരത്തിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ തീയതി കഴിഞ്ഞ് ദിനങ്ങള്‍ പിന്നിട്ടിട്ടും പന്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഐപിഎല്ലിന് രണ്ട് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ പന്ത് കളിക്കുന്നത് വീണ്ടും ചോദ്യ ചിഹ്നമായി മാറുകയാണ്. മാര്‍ച്ച് 22-നാണ് ഐപിഎല്ലിന്‍റെ പുതിയ പതിപ്പിന് അരങ്ങുണരുന്നത്.