ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ ലീഗില്‍ (PSL 2024) കറാച്ചി കിങ്സ്- മുള്‍ട്ടാന്‍ സുൽത്താൻസ് മത്സരത്തിന് പാക് മുന്‍ നായകന്‍ ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദ് (Sana Javed) എത്തിയിരുന്നു. കറാച്ചി കിങ്സിനായി 42-കാരനായ ഷൊയ്‌ബ് കളിക്കുന്നത് കാണാനായിരുന്നു പാക് നടി കൂടിയായ സന ജാവേദ് എത്തിയത്. മത്സരത്തില്‍ തന്‍റെ ഫ്രാഞ്ചൈസിക്കായി ഷൊയ്‌ബ് അര്‍ധ സെഞ്ചുറി നേടിയതോടെ വലിയ സന്തോഷത്തിലായിരുന്നു സന ജാവേദ്.
എന്നാല്‍ അതികം വൈകാതെ ആരാധകരില്‍ നിന്നും 30 -കാരിക്ക് ഒരു അപ്രതീക്ഷ പ്രതികരണവും നേരിടേണ്ടി വന്നു. ഷൊയ്‌ബിന്‍റെ (Shoaib Malik) മുന്‍ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായിരുന്ന സാനിയ മിര്‍സയുടെ (Sania Mirza) പേരു വിളിച്ചുകൊണ്ട് ഒരു വിഭാഗം പാക് ആരാധകര്‍ സനയെ അധിക്ഷേപിക്കുകയായിരുന്നു. മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്തേക്ക് നടക്കവെയാണ് സനയ്‌ക്ക് നേരെ സാനിയ വിളികള്‍ ഉയര്‍ന്നത്.
ഇതു ചെയ്‌ത ആരാധകര്‍ക്ക് എതിരെ രൂക്ഷമായി നോക്കുന്ന സന ജാവേദിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം കഴിഞ്ഞ ജനുവരിയിലാണ് ഷൊയ്‌ബ് മാലിക്- സന ജാവേദ് വിവാഹം നടന്നത്. സാനിയ മിർസയുമായുള്ള വേർപിരിയല്‍ അഭ്യൂഹങ്ങൾക്കിടയിലായിരുന്നു ഷൊയ്‌ബ് സന ജാവേദിനെ വിവാഹം ചെയ്‌തത്.
സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ വിവാഹ ചിത്രം പങ്കുവച്ച് ഷൊയ്‌ബ് തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. 42-കാരനായ ഷൊയ്‌ബിന്‍റെ മൂന്നാമത്തേയും സനയുടെ രണ്ടാമത്തേയും വിവാഹമാണിത്. 2002-ൽ ആയിഷ സിദ്ദിഖിയെ ആണ് ഷൊയ്‌ബ് മാലിക്ക് ആദ്യം വിവാഹം ചെയ്യുന്നത്.