അഹമ്മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) എതിരായ മത്സരത്തില്‍ ജസ്പ്രീത് ബുംറയ്‌ക്ക് (Jasprit Bumrah) പകരം ഓപ്പണിങ് ഓവര്‍ എറിഞ്ഞ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയക്ക് എതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഹാര്‍ദിക്കിന്‍റെ പ്രവര്‍ത്തിക്കെതിരെ കമന്‍ററി ബോക്‌സില്‍ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറും അതൃപ്‌തി പ്രകടമാക്കിയിരുന്നു.
ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ 'ജസ്‌പ്രീത് ബുംറ എവിടെ?' എന്ന് എക്‌സില്‍ കുറിച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഹാര്‍ദിക്കിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ബാറ്റിങ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ് (Kieron Pollard). ഹാര്‍ദിക് പാണ്ഡ്യ നടപ്പിലാക്കിയത് കൂട്ടായ തീരുമാനമെന്നാണ് പൊള്ളാര്‍ഡ് പറഞ്ഞിരിക്കുന്നത്.
"ഒരു ടീമെന്ന നിലയിൽ, എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ ആസൂത്രണം ചെയ്യുകയും തീരുമാനിക്കുകയും വേണം. കഴിഞ്ഞ രണ്ട് വർഷമായി ഗുജറാത്ത് ടൈറ്റന്‍സിനായി ഹാർദിക് ന്യൂ ബോള്‍ എറിഞ്ഞിരുന്നു. ന്യൂ ബോള്‍ സ്വിങ് ചെയ്യിക്കുന്ന ഹാര്‍ദിക്ക് മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. അതിനാല്‍ തന്നെ ഞങ്ങളെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. ന്യൂ ബോള്‍ സ്വിങ് ചെയ്യുന്നതിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഹാര്‍ദിക് ആദ്യ ഓവര്‍ എറിഞ്ഞതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല" -കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.