ന്യൂഡൽഹി: ബിസിസിഐയുടെ നിർബന്ധത്തിന് വഴങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയുടെ പാകിസ്ഥാൻ സന്ദർശനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മത്സരത്തിനായി ഇന്ത്യ തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന നിലപാടിലായിരുന്നു പിസിബി. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്തണമെന്ന ആവശ്യം പിസിബി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. രോഹിത് ശർമ്മയേയും സംഘത്തേയും സാമൂഹ്യ-രാഷ്ട്രീയ-സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ സർക്കാർ അനുവദിക്കാത്തതാണ് കാരണം.
ഇന്ത്യയുടെ മത്സരങ്ങള്‍ ഏഷ്യാ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലിൽ ഐസിസി നടത്താനാണ് സൂചന. പാകിസ്ഥാൻ പര്യടനത്തിന് ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഇന്ത്യ ദുബായിലോ ഷാർജയിലോ മത്സരങ്ങൾ കളിക്കാനുള്ള സാധ്യത ഉള്ളതിനാൽ ഷെഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്താമെന്ന് പിസിബി വൃത്തങ്ങൾ അറിയിച്ചു. രാഷ്‌ട്രീയ- നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.