അഹമ്മദാബാദ്:രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി മുംബൈ ഇന്ത്യൻസിന്‍റെ (Mumbai Indians) നായകനായി ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) നിയമിച്ചതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്‌റ്റനായിരുന്ന ഹാര്‍ദിക്കിനെ ഇക്കുറി പ്ലെയര്‍ ട്രേഡിങ്ങിലൂടെയായിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ തന്നെ രോഹിത് ശര്‍മയെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും നീക്കിയത് വലിയ ആരാധക രോഷങ്ങള്‍ക്കും വഴിയൊരുക്കി.
അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് മുംബൈ ഇന്ത്യൻസിനെ നയിച്ച നായകന് ടീം അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നാണ് ആരാധകരുടെ വാദം. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ മത്സരത്തിനായി മുംബൈ ഇന്ത്യൻസ് ഇന്നലെ കളത്തിലിറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ പഴയ ക്ലബായ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ഈ മത്സരം.
മത്സരത്തിനിടെ രോഹിതിനോടുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ പെരുമാറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഗുജറാത്ത് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ നടന്ന ഒരു സംഭവമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. 20-ാം ഓവറിനിടെ രോഹിതിനോട് ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട് (Fans Against Hardik Pandya).