മഡ്രിഡ്: ലാലിഗയില്‍ തോൽവിയറിയാതെ മുന്നേറിയ ബാഴ്‌സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഒസാസുനക്കു മുന്നിലാണ് വമ്പന്മാര്‍ അടിയറവ് പറഞ്ഞത്. ഒസാസുനയുടെ തട്ടകമായ എല്‍ സദറില്‍ നടന്ന മത്സരത്തില്‍ 2-4 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോൽവി. കിട്ടിയ അവസരമെല്ലാം ഗോള്‍വലയിലെത്തിച്ചതാണ് ഒസാസുനക്ക് ജയമെത്തിച്ചത്.
18ാം മിനുട്ടിൽ ഒസാസുന ആദ്യം വലകുലുക്കി. അന്‍റെ ബുഡ്‌മിറിന്‍റെ ഗോളിലായിരുന്നു ടീം മുന്നേറിയത്. സമ്മർദത്തിലായ ബാഴ്‌സ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ പത്ത് മിനിറ്റിനകം ബാഴ്‌സക്ക് രണ്ടാമത്തെ അടി. 28ാം മിനുറ്റിൽ ബ്രയിൻ സരഗോസ ഒസാസുനയുടെ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്‍റെ ലീഡുമായി ഒസാസുന മുന്നിട്ടുനിന്നു.
എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സലോണ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. പാവു വിക്ടറില്‍ നിന്നായിരുന്നു ബാഴ്‌സയുടെ ആശ്വാസഗോള്‍ പിറന്നത്. എന്നാൽ 72ാം മിനുട്ടിൽ ഒസാസുന മൂന്നാം ഗോൾ നേടി വിജയപ്രതീക്ഷ കെെവരിച്ചു.