യുണൈറ്റഡ് നേഷന്‍സ് ഇന്‍റര്‍നാഷണല്‍ ഡേ ഇന്‍ സപ്പോര്‍ട്ട് ഓഫ് വിക്‌റ്റിംസ് ഓഫ് ടോര്‍ച്ചര്‍ (രാജ്യാന്തര പീഡന അതിജീവിത ദിനം) എല്ലാ കൊല്ലവും ജൂണ്‍ 26നാണ് ആചരിക്കുന്നത്. 1997 ലാണ് ഐക്യരാഷ്‌ട്ര പൊതുസഭ ഈ ദിനാചരണത്തിന് തുടക്കമിട്ടത്. പീഡനത്തിലൂടെ കടന്ന് പോകുന്നവരുടെ ദുരിതങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാനാണ് ദിനാചരണം ആരംഭിച്ചത്. മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യമാണ് പീഡനമെന്ന ബോധമുണ്ടാക്കാന്‍ ദിനാചരണം സഹായിക്കുന്നു.
എന്താണ് പീഡനം:ആരെയെങ്കിലും ഉപദ്രവിച്ചു കൊണ്ട് അവരെ ദുരിതത്തിലാക്കുന്ന ഹീനമായ പ്രവൃത്തിയാണ് പീഡനം. പീഡനം തികച്ചും മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്. ഇത്തരം പ്രവൃത്തികളെ ഐക്യരാഷ്‌ട്രസഭ ശക്തമായി അപലപിക്കുന്നു. ഇത് മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യമായും യുഎന്‍ വിലയിരുത്തുന്നു.
പീഡനത്തെ രാജ്യാന്തര നിയമങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പീഡനം പല രൂപത്തിലും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ശ്രീലങ്ക, ഇറാന്‍, അഫ്‌ഗാനിസ്ഥാന്‍, എറിത്രിയ, കോങ്ഗോ, സുഡാന്‍ എത്യോപ്യ, ഇറാഖ്, തുര്‍ക്കി, സിറിയ തുങ്ങിയ രാജ്യങ്ങളില്‍ പീഡനം സര്‍വസാധാരണമാണ്.
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പീഡനം ഇല്ലാതാക്കുന്നു. ഇതിന് പുറമെ അവരുടെ സ്വത്വത്തെയും കുടുംബവം സമൂഹവുമായുള്ള സാമൂഹ്യ - സാമ്പത്തിക ബന്ധങ്ങളെയും ഇത് തകര്‍ക്കുന്നു.
ചരിത്രം: 1997 ഡിസംബര്‍ 12ന് ഐക്യരാഷ്‌ട്ര പൊതുസഭ 52/149 എന്ന പ്രമേയത്തിലൂടെ ജൂണ്‍ 26 ഇന്‍റര്‍നാഷണല്‍ ഡേ ഇന്‍ സപ്പോര്‍ട്ട് ഓഫ് വിക്‌റ്റിംസ് ഓഫ് ടോര്‍ച്ചര്‍ ദിനമായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പീഡിതരെയും ഇന്നും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരെയും ഐക്യത്തോടെ പിന്തുണയ്ക്കാല്‍ അംഗരാജ്യങ്ങളെയും വ്യക്തികളെയും പൊതുസമൂഹത്തെയും ആഹ്വാനം ചെയ്യുന്ന ദിനമാണ് ജൂണ്‍ 26. പീഡിപ്പിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുതെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് പറയുന്നു.
എന്ത് കൊണ്ട് ജൂണ്‍ 26?
1987 ജൂണ്‍ 26നാണ് പീഡനത്തിനെതിരെ പോരാടാനുള്ള ഒരു കരാര്‍ നിലവില്‍ വന്നത്. അത് കൊണ്ട് ആ ദിനംതന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.
ദിനാചരണത്തിന്‍റെ ഉദ്ദേശ്യം:പീഡനം പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം. ഇതിന് പുറമെ പീഡന, മനുഷ്യത്വ വിരുദ്ധ ശിക്ഷാ കരാര്‍ നടപ്പാക്കുക എന്നതുമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ പീഡകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എല്ലാ സര്‍ക്കാരുകളും അംഗരാജ്യങ്ങളും നടപടിയെടുക്കണമെന്ന് 1998 ജൂണ്‍ 26ന് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു.
എല്ലാതരത്തിലുമുള്ള പീഡനം പൂര്‍ണമായും തുടച്ച് നീക്കുക എന്നതാണ് ദിനാചരണത്തിന്‍റെ പ്രാഥമിക ലക്ഷ്യം. പീഡനം ഗുരുതര ആഗോള പ്രശ്‌നമാണ്. പീഡനം ലോകമെമ്പാടും നടക്കുന്നുവെന്ന നിര്‍ണായക ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനാചരണം. പീഡനം ശരീരത്തിലും മനസിലും വടുക്കളുണ്ടാക്കുന്നു. ഇരകളാക്കപ്പെടുന്നവര്‍ക്ക് വൈദ്യ-മാനസിക പിന്തുണ ആവശ്യമാണ്. ഇരകളെ സഹായിക്കാനും അവരുടെ ജീവിതം പുനഃസൃഷ്‌ടിക്കാനും പദ്ധതികളും ആവശ്യമുണ്ട്.
പീഡനം ശാരീരികമോ മാനസികമോ ഇവ രണ്ടും ചേര്‍ന്നതോ ആകാം. മര്‍ദ്ദനം, ദീര്‍ഘനേരം നില്‍ക്കാന്‍ നിര്‍ബന്ധിക്കല്‍, കെട്ടിത്തൂക്കല്‍, ശ്വാസംമുട്ടിക്കല്‍, പൊള്ളലേല്‍പ്പിക്കല്‍, വൈദ്യുത ഷോക്ക് നല്‍കല്‍, ലൈംഗീക പീഡനം, ബലാത്സംഗം, കൊടുംതണുപ്പും ചൂടും അനുഭവിപ്പിക്കല്‍ തുടങ്ങിയവ ശാരീരിക പീഡനങ്ങളില്‍ പെടുന്നു. വാക്കുകള്‍ കൊണ്ടുള്ള പീഡനം, ഭീഷണി, ആരോപണങ്ങള്‍, നിര്‍ബന്ധിതമായി എന്തെങ്കിലും അടിച്ചേല്‍പ്പിക്കല്‍, പീഡനങ്ങള്‍ക്ക് ദൃക്‌സാക്ഷിയാകേണ്ടി വരിക തുടങ്ങിയവ മാനസിക പീഡനത്തിന്‍റെ പരിധിയില്‍ വരുന്നു.
പീഡനത്തെ അതിജീവിച്ചവര്‍ കടന്ന് പോകുന്ന മാനസിക പ്രതിസന്ധികള്‍
- മറ്റുള്ളവരെ വിശ്വസിക്കാന്‍ കഴിയാതെ വരിക
- അടുത്ത ബന്ധങ്ങള്‍ ഉണ്ടാക്കാനാകാതെ വരിക
- ഉത്കണ്‌ഠ പ്രശ്‌നങ്ങള്‍, ഭയം തുടങ്ങിയവ
- കടുത്ത വിഷാദം, ഉറക്കപ്രശ്‌നങ്ങള്‍, മറവി, സമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍
- ഏകാഗ്രതയില്ലായ്‌മ
- മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ദുരുപയോഗം
- അവരുടെ ദുഃസ്വപ്‌നങ്ങളിലും ഓര്‍മ്മകളിലും ഈ ദുരനുഭവങ്ങള്‍ വിടാതെ പിന്തുടരുന്നു
- ചിലര്‍ക്ക് ഈ ദുരനുഭവങ്ങളുടെ ഓര്‍മ്മകള്‍ കുറച്ച് വര്‍ഷത്തേക്ക് പിന്തുടരുന്നു, ചിലര്‍ക്ക് ഈ ജീവിതം മുഴുവന്‍ അവരെ വേട്ടയാടുന്നു.
പീഡനത്തിന്‍റെ ശാരീരിക വടുക്കളായ തലവേദന, സന്ധി വേദന, കാല്‍ വേദന, കേള്‍വി നഷ്‌ടപ്പെടല്‍, പല്ലുവേദന, കാഴ്‌ച പ്രശ്‌നങ്ങള്‍, വയറുവേദന, ഹൃദയ, ശ്വാസകോശ പ്രശ്‌നങ്ങള്‍, ലൈംഗിക പ്രശ്‌നങ്ങള്‍, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവദീര്‍ഘകാലം നിലനില്‍ക്കുന്നു.
പുനരധിവാസത്തിലൂടെ പ്രശ്‌നപരിഹാരം: പല അതിജീവിതര്‍ക്കും ശാരീരികവും മാനസികവുമായി പഴയപടിയാകാന്‍ കഴിയാതെ വരുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായം നല്‍കാനായി ഐക്യരാഷ്‌ട്രസഭ പീഡന ഇര ഫണ്ട് ഒരുക്കിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭ മനുഷ്യാവാകാശ ഓഫീസാണ് ഇത് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടും ഒരുക്കിയിട്ടുള്ള പുനരധിവാസ കേന്ദ്രങ്ങളിലൂടെയും സംഘനടകളിലൂടെയും ഇരകള്‍ക്ക് തങ്ങളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്ന് തിരിച്ച് പോക്ക് സാധ്യമാക്കുന്നു.
ഇന്ത്യയിലെ പീഡനം: ടോര്‍ച്ചര്‍ ആന്‍ഡ് അദര്‍ ക്രൂവല്‍ ഇന്‍ഹ്യൂമന്‍ ഡീഗ്രേഡിങ് ട്രീറ്റ്മെന്‍റ് ഓര്‍ പണിഷ്മെന്‍റില്‍ ഇന്ത്യ ഒപ്പ് വച്ചിട്ടില്ല. എന്നാല്‍ 1997 ഒക്‌ടോബര്‍ പതിനാലിലെ കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പ് വച്ചിട്ടുണ്ട്. പീഡനത്തിനെതിരെ ഒരു ബില്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
പീഡനത്തെ നിയമപ്രകാരം കുറ്റകൃത്യമാക്കിയിട്ടില്ല. ഇതിനെ ഒരു പ്രത്യേക കുറ്റകൃത്യമായും കണക്കാക്കുന്നില്ല. 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രൊവിഷനുകള്‍ (സെക്‌ഷന്‍ 330, 348) പീഡനത്തിന് മൂന്ന് മുതല്‍ ഏഴ് വരെ വര്‍ഷം തടവ് നല്‍കുന്ന കുറ്റകൃത്യമായി കണക്കാക്കുന്നു. എന്നാല്‍ ഈ കുറ്റകൃത്യം ചെയ്യുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെങ്കില്‍ യാതൊരു നടപടിയും ഉണ്ടാകില്ല.
Also Read:യുക്രൈന്‍ സമാധാന ഉച്ചകോടി പ്രഖ്യാപനം; പിന്തുണയ്ക്കാതെ ഇന്ത്യ -