ധാക്ക (ബംഗ്ലാദേശ്): രാജ്യത്ത് നടക്കുന്ന ഹിന്ദുക്കൾക്കെതിരായ ന്യൂനപക്ഷ ആക്രമണങ്ങളെ ഇന്ത്യ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. ബംഗ്ലാദേശിൽ നിലവിൽ നടക്കുന്നത് രാഷ്ട്രീയ സംഘർഷങ്ങളാണ്. രാജ്യത്തെ നിരവധി ഹിന്ദുക്കൾ അവാമി ലീഗിനെ പിന്തുണച്ചിരുന്നു.
ഹസീനയുടെയും അവാമി ലീഗിൻ്റെയും ക്രൂരതകളെ തുടർന്ന് രാജ്യം ഒരു പ്രക്ഷോഭത്തിലൂടെ കടന്നുപോയപ്പോൾ അവരെ രാഷ്ട്രീയപരമായി പിന്തുണച്ചവരും ആക്രമിക്കപ്പെട്ടു. ആക്രമണങ്ങളെ ന്യായീകരിക്കുകയല്ല. പക്ഷെ ഇന്ത്യ ആക്രമണങ്ങളെ വർഗീയമായി ചിത്രീകരിക്കുന്ന രീതി തെറ്റാണെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു.
ഹിന്ദുക്കള്‍ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് മോദിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഹസീനയുടെ നേതൃത്വം മാത്രമെ രാജ്യത്തിൻ്റെ സ്ഥിരത ഉറപ്പാക്കൂ എന്ന ഇന്ത്യൻ വ്യാഖ്യാനം തെറ്റാണ്. ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി ഉൾപ്പെടെ എല്ലാവരും ഇസ്‌ലാമിസ്‌റ്റുകളാണെന്നാണ് ഇന്ത്യൻ നരേറ്റീവ്.
ഹസീനയില്ലെങ്കിൽ ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനവുമെന്ന് ഇന്ത്യ കരുതുന്നു. ഈ ധാരണയിൽ നിന്നും ഇന്ത്യ പുറത്ത് കടക്കണം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും നോബൽ ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലിരുന്ന് ഷെയ്ഖ് ഹസീന നടത്തുന്ന പ്രസ്‌താവനകളെയും അദ്ദേഹം വിമർശിച്ചു
കലാപം പൊട്ടിപ്പുറപ്പെട്ട വഴി: 1971ൽ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുമെന്ന തീരുമാനമാണ് ഷെയ്ഖ് ഹസീനക്കെതിരെ നിലനിന്നിരുന്ന ഭരണ വിരുദ്ധ വികാരത്തെ ആളിക്കത്തിച്ചത്. സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ വിദ്യാർഥിപ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു.