നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അകറ്റാൻ ഡ്രാഗൺ ഫ്രൂട്ട് വളരെയധികം ഗുണം ചെയ്യും. ഫ്ലേവനോയ്‌ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമായ ഡ്രാഗൺ ഫ്രൂട്ട് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും. ആരോഗ്യ സവിശേഷതകൾ ഏറെയുള്ള ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ ജലാംശവും അടങ്ങിയിട്ടുണ്ട്. കലോറി കുറവും ഫൈബർ കൂടുതലും അടങ്ങിയിട്ടുള്ളതിനാൽ വണ്ണം കുറയ്ക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു പഴമാണിത്. പതിവായി മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
- കലോറി
- കാർബോഹൈഡ്രേറ്റ്സ്
- നാരുകൾ
- പ്രോട്ടീൻ
- വിറ്റാമിൻ സി
- അയേൺ
- കാൽസ്യം
- മഗ്നീഷ്യം
- പൊട്ടാസ്യം
ഡ്രാഗൺ ഫ്രൂട്ടിന്‍റെ ആരോഗ്യഗുണങ്ങൾ
ഹൃദയാരോഗ്യത്തിന്
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളായ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവ ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും. കൂടാതെ ഹൃദസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കൊറോണറി ഹൃദ്രോഗം കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്ന് ലീഡ്‌സ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.
പ്രമേഹ സാധ്യത കുറയ്ക്കാൻ
ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം സാധ്യത തടയാൻ സഹായിക്കും. താരതമ്യേന ഈ പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും. എന്നാൽ പ്രമേഹ രോഗികൾ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ എന്ന് ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോക്‌ടർ ജി സുഷമ പറയുന്നു.
രോഗപ്രതിരോധ ശേഷി കൂട്ടാൻ
വൈറ്റമിൻ സി, കരോട്ടിനോയിഡുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. ശ്വേതരക്താണുക്കളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അണുബാധകളും രോഗങ്ങളും തടയാൻ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ഏറെ നല്ലതാണ്.
ദഹനം മെച്ചപ്പെടുത്താൻ
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കും. മലബന്ധം അകറ്റാനും ഇത് ഏറെ മികച്ചതാണ്. കൂടാതെ ഡ്രാഗൺ ഫ്രൂട്ടിൽ പ്രീബയോട്ടിക്‌സുള്ളതിനാൽ കുടലിലെ നല്ലതും ചീത്തയുമായ ബാക്‌ടീരിയകളെ സന്തുലിതമാക്കാനും ഗുണം ചെയ്യും.