ആർകെ എന്നറിയപ്പെടുന്ന രാധാകൃഷ്‌ണന്‍... റിട്ടയേഡ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്‍.. വയസ്സ് 70.. ഒരു അറ്റാക്കിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളുമായി ശിഷ്‌ട ജീവിതം കേരളത്തിൽ കഴിച്ചു കൂട്ടുന്നു. ശാരീരിക അസ്വസ്ഥതകളേക്കാൾ അലട്ടുന്ന ഒറ്റപ്പെട്ട ജീവിതം.
എല്ലാമായിരുന്ന ഭാര്യ സുമം, മൂന്ന് വർഷങ്ങൾക്ക് മുമ്പ് ശ്വാസാകോശ സംബന്ധമായ ഒരു അസുഖത്തെ തുടർന്ന് മരണപ്പെട്ടു. രണ്ടു മക്കളും വിവാഹിതരായി, വിദേശത്ത് താമസമാക്കി. ആകെയുള്ള ആശ്രയം, വിധവയായ സഹോദരി ലീല മാത്രം.
ഡെല്‍ഹിയില്‍ സർവ്വീസില്‍ ഉണ്ടായിരുന്ന കാലത്ത്, ആർകെയുടെ അരികിലേക്ക് അടിക്കടി ഓടിയെത്തുന്ന ഭാര്യയും മക്കളും.. അവരോടൊപ്പം ചിലവഴിച്ച അസുലഭ മുഹൂർത്തങ്ങൾ... മൊബൈൽ സാങ്കേതിക വിദ്യ എത്തുന്നതിന് മുമ്പ് ബന്ധങ്ങളുടെ ഊഷ്‌മളത പരസ്‌പരം പങ്കിട്ടിരുന്ന കത്തുകൾ... എല്ലാം അയവിറക്കി ഇന്ന് ഒറ്റപ്പെടലിൻ്റെ മനോവേദനയിലാണ് ആർകെ.
ഇത്തരം ആർകെമാരുടെ എണ്ണം വർദ്ധിച്ചു വരുന്ന ഈ സാമൂഹികാന്തരീക്ഷത്തിൽ, അതിലേയ്‌ക്കൊരു തിരി വെളിച്ചം പകരുകയാണ് 'വെട്ടം' എന്ന ടെലി സിനിമ. വെട്ടത്തിൽ ആർകെയെ അവതരിപ്പിക്കുന്നത് 'നല്ല വിശേഷം', 'കാപ്പു ചീനോ', 'ചീനാ ട്രോഫി' തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്.