കേരളം

kerala

ETV Bharat / entertainment

ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ - Kanguva new poster - KANGUVA NEW POSTER

'ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും,' എന്ന ക്യാപ്‌ഷനോടെ എത്തിയ പോസ്റ്റർ മികച്ച പ്രതികരണം നേടുകയാണ്

SURIYA DOUBLE ROLE MOVIES  SURIYA IN DOUBLE ROLE IN KANGUVA  KANGUVA UPDATE  സൂര്യ കങ്കുവ സിനിമ
Kanguva

By ETV Bharat Kerala Team

Published : Apr 15, 2024, 3:54 PM IST

സൂര്യ ആരാധകരുടെ ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമായി. കങ്കുവയിൽ താരം എത്തുക ഡബിൾ റോളിൽ തന്നെ. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ പോസ്റ്ററിലൂടെയാണ് കങ്കുവയിൽ സൂര്യയുടേത് ഇരട്ട കഥാപാത്രമായിരിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

2022 ല്‍ പുറത്തിറങ്ങിയ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കങ്കുവ, സിരുത്തൈ ശിവയാണ് സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റിലാണ് ഈ ചിത്രത്തിന്‍റെ നിർമാണം. വിഷുവും അംബേദ്‌കര്‍ ജയന്തിയും അനുബന്ധിച്ചാണ് സൂര്യ കഴിഞ്ഞ ദിവസം കങ്കുവയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.

പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള കങ്കുവയുടെ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. പോസ്റ്ററില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ കാണാന്‍ കഴിയുന്നത്. വാള് പിടിച്ചു നില്‍ക്കുന്ന യോദ്ധാവിനെയും തോക്ക് പിടിച്ചു നില്‍ക്കുന്ന ഒരു അധോലോക നായകനെയും പോസ്റ്ററിൽ കാണാം. ഡബിൾ റോളിൽ സൂര്യയുടെ മാസ്‌മരിക പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

'ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും,' എന്ന ക്യാപ്‌ഷനോടെയാണ് സിനിമയുടെ നിര്‍മാതാക്കൾ പോസ്റ്റർ റിലീസ് ചെയ്‌തത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും കങ്കുവ പറയുക എന്നാണ് സൂചന. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ഈ പീരിയോഡിക് ത്രീഡി സിനിമ യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമിക്കുന്നത്.

മുപ്പത്തിയെട്ടോളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന കങ്കുവയിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ദിഷ പടാനിയാണ്. ബോളിവുഡ് നടൻ ബോബി ഡിയോളും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. പ്രതിനായക വേഷമാണ് ബോബി ഡിയോൾ 'കങ്കുവ'യിൽ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലേക്കുള്ള നടന്‍റെ അരങ്ങേറ്റം കൂടിയാണിത്.

സൂര്യയുടെ 42-ാമത്തെ ചിത്രം കൂടിയായ കങ്കുവ 3ഡി, ഐമാക്‌സ് ഫോർമാറ്റുകളിലാണ് തിയേറ്റർ കീഴടക്കാൻ എത്തുക. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. 'കങ്കുവ'യ്‌ക്കായി തിരക്കഥ ഒരുക്കിയത് ആദി നാരായണയും സംഭാഷണം എഴുതിയിരിക്കുന്നത് മദൻ കർക്കിയുമാണ്.

സംഗീത സംവിധാനം ദേവി ശ്രീ പ്രസാദും ഛായാഗ്രാഹണം വെട്രി പളനിസാമിയുമാണ് നിർവഹിച്ചിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. വേക, മദൻ കർക്കി എന്നിവരാണ് ഗാനരചന. 350 കോടി രൂപ ബജറ്റിൽ ഒരുക്കിയ 'കങ്കുവ'യുടെ ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കിയത് ആമസോണ്‍ പ്രൈം വീഡിയോ ആണ്.

READ ALSO:ഉലകനായകനൊപ്പം ഷങ്കർ; 'ഇന്ത്യൻ 2' ഷൂട്ടിങ് പൂർത്തിയായി, റിലീസ് ജൂണിൽ

ABOUT THE AUTHOR

...view details