കേരളം

kerala

ETV Bharat / entertainment

ബോളിവുഡിന്‍റെ മുഖശ്രീ ശ്രീദേവിക്ക് ഇന്ന് 61ാം പിറന്നാള്‍ - Sridevi Birth Anniversary - SRIDEVI BIRTH ANNIVERSARY

ബോളിവുഡ് താര സുന്ദരി ശ്രീദേവിയ്‌ക്ക് ഇന്ന് 61-ാം പിറന്നാള്‍. 1963 ഓഗസ്‌റ്റ് 13ന് തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീദേവി നാലാം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ചു.

SRIDEVI BIRTHDAY  SRIDEVI BIRTH ANNIVERSARY  SRIDEVI  ശ്രീദേവി
Sridevi Birth Anniversary (Instagram Official)

By ETV Bharat Entertainment Team

Published : Aug 13, 2024, 10:20 AM IST

Updated : Aug 13, 2024, 10:57 AM IST

ബോളിവുഡിന്‍റെ മുഖശ്രീ ശ്രീദേവിയുടെ 61-ാം ജന്‍മവാര്‍ഷികമാണിന്ന്. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് സിനിമ മേഖലയില്‍ ആദരണീയ വ്യക്തിത്വങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ബോളിവുഡിന്‍റെ സുന്ദരി ശ്രീദേവി. 1963 ഓഗസ്‌റ്റ് 13ന് തമിഴ്‌നാട്ടിലായിരുന്നു ശ്രീദേവിയുടെ ജനനം.

നാലാം വയസ്സില്‍ ബാലതാരമായാണ് അഭിനയ ജീവിതത്തിലേയ്‌ക്കുള്ള ചുവടുവയ്‌പ്പ്. ബാല്യ കാലത്ത് തന്നെ സിനിമകളോട് പ്രണയത്തിലായ ശ്രീദേവി, നാലാം വയസ്സില്‍ 'കണ്ഡന്‍ കരുണൈ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തുടക്ക കാലത്ത് തന്നെ ഒന്നിലധികം ദക്ഷിണേന്ത്യൻ ഭാഷകൾ സംസാരിക്കാൻ ശ്രീദേവി പഠിച്ചു. ഇതോടെ ശ്രീദേവിക്ക് മറ്റ് ഭാഷകളിലേക്ക് അനായാസം ചേക്കാറാനായി.

കരിയറിന്‍റെ ഒണ്‍പതാം വര്‍ഷത്തില്‍ ദേശീയ അംഗീകാരവും നേടാനായി. 1976ൽ കെ.ബാലചന്ദറിന്‍റെ 'മൂണ്‍ട്ര് മുടിച്ചു' എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവിക്ക് ദേശീയ അംഗീകരം ലഭിച്ചത്. അന്ന് തമിഴകത്ത് മികച്ച താരമായി പരിഗണിക്കപ്പെട്ടിരുന്ന ശ്രീദേവിക്ക് ബോളിവുഡിന്‍റെ ശ്രദ്ധയാകര്‍ഷിക്കാനായി. അന്ന് ശ്രീദേവിയ്‌ക്ക് വയസ്സ് 13.

പിന്നീടങ്ങോട്ട് ശ്രീദേവിക്ക് തിരഞ്ഞു നോക്കേണ്ടി വന്നില്ല. 1977ല്‍ പുറത്തിറങ്ങിയ '16 വയതിനിലെ', 'സിഗപ്പു റോജകൾ' (1978), 'വരുമയിൻ നിറം സിവപ്പ്' (1980), 'മീണ്ടും കോകില' (1981), 'പ്രേമാഭിഷേകം' (1981), 'വാഴ്‌വേ മായം' (1982), 'മൂണ്‍ട്രാം പിറൈ' (1982), ആഖാരി പോരാട്ടം (1988), ജഗദേക വീരുഡു അതിലോക സുന്ദരി (1990), ക്ഷണ നിമിഷം (1991) തുടങ്ങി സിനിമകളിലൂടെ ശ്രീദേവി തെന്നിന്ത്യയിലെ മുന്‍നിര നടിയായി മാറി.

'സോൾവ സാവൻ' (1979) എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ നായികയായുള്ള ശ്രീദേവിയുടെ ചുവടുവയ്‌പ്പ്. 1983ല്‍ ആക്ഷൻ കോമഡി ചിത്രം 'ഹിമ്മത്‌വാല'യിൽ പ്രധാന വേഷം ചെയ്‌തതോടെ, ശ്രീദേവി ദേശീയ ഐക്കണായും മാറി. പിന്നീട് 'മവാലി' (1983), 'ജസ്റ്റിസ് ചൗധരി' (1983), 'തോഫ' (1984), 'മഖ്‌സാദ്' (1984), 'മാസ്റ്റർജി' (1985), 'കർമ്മ' (1986), 'മിസ്റ്റർ ഇന്ത്യ' (1987) തുടങ്ങി സിനിമകളിലൂടെ ശ്രീദേവിയ്‌ക്ക് ബോളിവുഡില്‍ തന്‍റേതായൊരിടം കണ്ടെത്താനായി.

കൂടാതെ ബോളിവുഡിലെ ബോക്‌സ് ഓഫിസ് ഐക്കണുമായി. 'ചാൽബാസ്', 'സദ്‌മ' തുടങ്ങി വമ്പൻ ഹിറ്റുകളിലൂടെ ശ്രീദേവി അവരുടെ ജനപ്രീതി വ്യാപിപ്പിച്ചു. 'പുരുഷ മേധാവിത്വമുള്ള ബോളിവുഡില്‍ നായക നടന്‍ ഇല്ലാതെ ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചും ശ്രീദേവി ശ്രദ്ധനേടി.

2000കളുടെ തുടക്കത്തിൽ ശ്രീദേവി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം, മാലിനി അയ്യർ (2004-2005) എന്ന ടെലിവിഷൻ പരമ്പരയില്‍ പ്രധാന വേഷം ചെയ്‌തു. ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം, 2012ൽ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന സിനിമയിലൂടെ അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

നാല് പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളാണ് ശ്രീദേവിയെ തേടി എത്തിയത്. 2013ല്‍ രാജ്യം പത്‌മശ്രീ നല്‍കി ശ്രീദേവിയെ ആദരിച്ചു. 2018ൽ, ക്രൈം ത്രില്ലറായ 'മോം' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. 1970ല്‍ 'പൂമ്പാറ്റ' എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. കൂടാതെ നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 24ന് ദുബായിൽവച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ചലച്ചിത്ര നിർമാതാവ് ബോണി കപൂര്‍ ആണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ബോളിവുഡ് താരം ജാൻവി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ മക്കളാണ്.

Also Read:Boney Kapoor About Sridevi's Death | ശ്രീദേവിയുടേത് സ്വാഭാവിക മരണമായിരുന്നില്ല ; വെളിപ്പെടുത്തലുമായി ബോണി കപൂർ

Last Updated : Aug 13, 2024, 10:57 AM IST

ABOUT THE AUTHOR

...view details