കേരളം

kerala

'ടെക്റ്റോണിക് ഷിഫ്‌റ്റ്' വരുത്തിയ ചിത്രം; 'ആനിമലി'ന് വീണ്ടും പ്രതിരോധം തീർത്ത് അനുരാഗ് കശ്യപ് - Anurag Kashyap Defends Animal

By ETV Bharat Kerala Team

Published : May 15, 2024, 12:34 PM IST

5-10 വർഷത്തിനുള്ളിൽ ആളുകൾ 'ആനിമലി'ൻ്റെ പ്രാധാന്യം തിരിച്ചറിയുമെന്നും സംവിധായകൻ അനുരാഗ് കശ്യപ്

ANURAG KASHYAP ABOUT ANIMAL  ANIMAL MOVIE CONTROVERSIES  SANDEEP REDDY VANGA  RANBIR KAPOOR IN ANIMAL
Anurag Kashyap with Sandeep Reddy Vanga (Source: Instagram)

542.93 കോടി കലക്ഷന്‍ നേടി ഈ വർഷം ബ്ലോക്ക്ബസ്‌റ്റർ വിജയമായി മാറിയ ചിത്രമാണ് സന്ദീപ് റെഡ്ഡി വംഗയുടെ 'ആനിമൽ'. കലക്ഷനിൽ തിളങ്ങിയെങ്കിലും രൺബീർ കപൂർ നായകനായ ഈ സിനിമ ഒട്ടേറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. സ്‌ത്രീ വിരുദ്ധത, വയലൻസ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ ഏറെയും. ഇതിനിടെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് 'ആനിമലി'ന് അനുകൂലമായി സംസാരിച്ചതും വാർത്തയായി.

ഇപ്പോഴിതാ 'ആനിമലി'നെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിന് നേരെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ഈ വർഷം ആദ്യമാണ് അനുരാഗ് കശ്യപ് സന്ദീപ് റെഡ്ഡി വംഗയെ കണ്ടത്. ഇരുവരും 'ആനിമലി'നെ കുറിച്ച് ദീർഘനേരം ചർച്ച ചെയ്‌തു. 'ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതും വിലയിരുത്തപ്പെട്ടതുമായ ചലച്ചിത്ര നിർമാതാവ്' എന്നായിരുന്നു അന്ന് കശ്യപ് 'ആനിമൽ' സംവിധായകനെ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചായിരുന്നു കശ്യപിന്‍റെ പിന്തുണ.

ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൾ ആലിയ കശ്യപിൻ്റെ പോഡ്‌കാസ്റ്റായ 'യംഗ്, ഡംബ് ആൻഡ് ആങ്ഷ്യസി'ന്‍റെ സമീപകാല എപ്പിസോഡിലാണ് അനുരാഗ് 'ആനിമലി'നെ കുറിച്ചും സന്ദീപ് റെഡ്ഡി വംഗയെ കുറിച്ചും വീണ്ടും വാചാലനായത്. "സന്ദീപ് റെഡ്ഡി വംഗ പോസ്റ്റ് എന്തായിരുന്നു?" എന്ന ആലിയയുടെ ചോദ്യത്തിനാണ് കശ്യപ് മറുപടി നൽകിയത്. ആനിമലിനെ 'ഭയങ്കരം' എന്നും 'സ്‌ത്രീവിരുദ്ധത' നിറഞ്ഞ ചിത്രമെന്നുമാണ് ആലിയ വിലയിരുത്തിയത്. അനുരാഗ് ചിത്രത്തെ പ്രൊമോട്ട് ചെയ്‌തതിലും മകൾ തൻ്റെ നിരാശ പ്രകടിപ്പിച്ചു.

എന്നാൽ തനിക്ക് സന്ദീപ് റെഡ്ഡി വംഗയെ ഏറെ ഇഷ്‌ടമാണെന്നും ആരെയെങ്കിലും ഒറ്റപ്പെടുത്തുന്നതിനോടോ ആക്രമിക്കുന്നതിനോടെ ഒപ്പം തനിക്ക് നിൽക്കാനാകില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ചലച്ചിത്ര ലോകത്ത് വലിയ മാറ്റം വരുത്തിയ സിനിമയാണ് ആനിമൽ എന്നും അത് പിന്നീട് എല്ലാവർക്കും മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ സന്ദീപ് റെഡ്ഡി വംഗയുമായി എനിക്ക് ഒരു കണക്ഷൻ തോന്നി. ഞങ്ങൾ അഞ്ച് മണിക്കൂറാണ് സംസാരിച്ചത്. അതിനിടയിൽ ഞാൻ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ആനിമൽ ചർച്ച ചെയ്യുകയും ചെയ്‌തു.

എനിക്ക് അദ്ദേഹത്തെ ശരിക്കും ഇഷ്‌ടമാണ്. മറ്റുള്ളവരുമായി ഇടപഴകുന്നത് പ്രധാനമാണെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. ദേവ് ഡി (2009) എന്ന സിനിമയ്‌ക്ക് ശേഷം ഞാൻ ഒരു "സ്ത്രീവിരുദ്ധ" സിനിമ നിർമിച്ചതിനാൽ പലരും എന്നെ ക്യാൻസൽ ചെയ്യുകയുണ്ടായി. ആരെയെങ്കിലും ഒറ്റപ്പെടുത്തുന്നതും ആരെയെങ്കിലും ആക്രമിക്കുന്നതും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

ആനിമൽ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടാം ഇഷ്‌ടപ്പെടാതിരിക്കാം. പക്ഷേ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് പരിഗണിക്കാതെ തന്നെ, സിനിമ എങ്ങനെ നിർമിക്കപ്പെടുന്നു എന്നതിൽ ഒരു ടെക്റ്റോണിക് മാറ്റം വരുത്താൻ ആനിമലിനായി. 5-10 വർഷത്തിനുള്ളിൽ, ആളുകൾ അതിൻ്റെ പ്രാധാന്യം തിരിച്ചറിയും.

ആനിമലിന് ശേഷം, എല്ലാ ആക്ഷൻ ചിത്രങ്ങളും വ്യാജമായി കാണപ്പെടുന്നു. ബഡേ മിയാൻ ഛോട്ടേ മിയാൻ (ടൈഗർ ഷ്രോഫ്, അക്ഷയ് കുമാർ ചിത്രം) സിനിമ നോക്കൂ, അതിലെ എല്ലാ ഫ്ലിപ്പുകളും പോരാട്ട രംഗങ്ങളും കൃത്രിമമായി കാണപ്പെടുന്നു, കാരണം സിനിമയുടെ സാങ്കേതിക വശങ്ങളും സംഗീതവും ആക്ഷനും പ്രവചനാതീതമായ രീതിയിൽ പ്രേക്ഷകരെ സ്വാധീനിച്ചു. അത് സിനിമയിൽ എന്നും സ്വാധീനം ചെലുത്തും.' അനുരാഗ് കശ്യപ് വ്യക്തമാക്കി.

ALSO READ:'വഴക്കിനു വേണ്ടി വഴക്ക് കൂടാനുള്ള മാനസികാവസ്ഥയിൽ അല്ല'; ഇടിവി ഭാരതിനോട് പ്രതികരിച്ച് ടൊവിനോ ചിത്രത്തിന്‍റെ നിർമാതാവ്

ABOUT THE AUTHOR

...view details