തിരുവനന്തപുരം:29മത് രാജ്യാന്തര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് അരങ്ങേറുകയാണ്. ചലച്ചിത്ര പ്രേമികളും നിരൂപകരും സാഹിത്യകാരന്മാരും സംവിധായകരും നാടക പ്രവർത്തകരും സിനിമ പ്രവർത്തകരും തലസ്ഥാന നഗരിയിൽ സിനിമകൾ കാണാൻ തമ്പടിച്ചു കഴിഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളക്ക് പഴയ ഉത്സവാന്തരീക്ഷം ഇല്ലെന്ന് നടൻ ജയരാജൻ കോഴിക്കോട്.
നാടക മേഖലയിൽ നിന്നും സിനിമയിലെത്തിയ കലാകാരനാണ് ജയരാജൻ കോഴിക്കോട്. നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകർക്ക് പരിചിതനായി. 71ാം വയസില്‍ ജയരാജൻ കോഴിക്കോട് നായകനായി അഭിനയിച്ച 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രം കഴിഞ്ഞ വർഷം മുംബൈ ജാഗ്രൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച നടനുള്ള പുരസ്‌കാരവും ജയരാജൻ കോഴിക്കോട് നേടി. നാലു വർഷങ്ങളുടെ ഇടവേളക്കുശേഷം ചലച്ചിത്രമേള കാണാൻ എത്തിയ ജയരാജൻ കോഴിക്കോട് ഇ ടി വി ഭാരതുമായി സംസാരിക്കുന്നു.
എല്ലാവർഷവും ഐ എഫ് എഫ് കെയുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ട്. കോവിഡ് വന്നശേഷം ഇത് ആദ്യമായാണ് ചലച്ചിത്ര മേളക്ക് എത്തുന്നത്. മുൻപൊക്കെ എത്രയൊക്കെ തിരക്കുകള്‍ ഉണ്ടായിരുന്നാലും ഡിസംബർ മാസം ചലച്ചിത്ര മേള കാണാൻ തിരുവനന്തപുരത്ത് എത്തും. പഴയ ഒരു വൈബ് ഇല്ല. നഗരത്തിൽ ഒരു ചലച്ചിത്ര മേള നടക്കുന്നു എന്നുള്ള യാതൊരു ഭാവവും കാണാനില്ല. ഒതുങ്ങിക്കൂടിയ പോലെ. പക്ഷേ മുൻവർഷങ്ങളെക്കാൾ ചെറുപ്പക്കാരായ കുട്ടികൾ ചലച്ചിത്രമേള കാണാൻ എത്തുന്നു.