തിരുവനന്തപുരം:ഓരോ കലോത്സവവും കഴിയുമ്പോള്‍ വിധികര്‍ത്താക്കളെപ്പറ്റി എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് മല്‍സരാര്‍ത്ഥികളും സ്‌കൂളുകളും പരിശീലകരും രക്ഷിതാക്കളുമൊക്കെ ഉയര്‍ത്താറുള്ളത്. യഥാര്‍ത്ഥത്തില്‍ കലോത്സവത്തിലെ മൂല്യ നിര്‍ണ്ണയം എങ്ങിനെയാണ് നടക്കുന്നതെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വസ്‌തുത. കലോത്സവ നടത്തിപ്പിനായി ഓരോ വര്‍ഷവും പുറത്തിറക്കുന്ന മാന്വല്‍ വിധി നിര്‍ണയം എങ്ങിനെയാകണമെന്നതിനെക്കുറിച്ചും മൂല്യനിര്‍ണ്ണയത്തില്‍ പരിഗണിക്കേണ്ട വശങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നതിനെക്കുറിച്ചും ഓരോന്നിനും എത്ര മാര്‍ക്ക് വരെ നല്‍കാമെന്നതിനെക്കുറിച്ചുമൊക്കെ വ്യക്തമാക്കുന്നുണ്ട്.
ഇത് മനസ്സിലാക്കി അരങ്ങിലെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് വ്യക്തതയോടെയും കൃത്യതയോടെയും പ്രകടനം കാഴ്‌ച വെക്കാനാവും. കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകര്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാക്കാനാകുന്ന തരത്തില്‍ മൂല്യ നിര്‍ണ്ണയ രീതി ലളിതമായി നമുക്കിവിടെ വായിച്ചെടുക്കാം.
ശാസ്ത്രീയ സംഗീതം
ശാസ്ത്രീയ സംഗീത മത്സരത്തില്‍ ശ്രുതിയോട് കൂടിയുള്ള ആലാപനമാണ് വേണ്ടത്. ആകെ നൂറ് മാര്‍ക്കിലാണ് വിധിനിര്‍ണ്ണയം. ശ്രുതിയിലലിഞ്ഞ് പാടുന്നതിന് അഥവാ ശ്രുതിലയത്തിന് 15 മാര്‍ക്ക് വരെ നല്‍കാം. ശാരീരം അഥവാ സ്വര ഭംഗിക്ക് 15 മാര്‍ക്ക് വരെ നല്‍കാം. ജ്ഞാന ഭാവത്തിന് 20 മാര്‍ക്കിലും താളത്തിന് 20 മാര്‍ക്കിലും വീതം മൂല്യനിര്‍ണ്ണയം നടത്തും. സാഹിത്യ ശുദ്ധിക്ക് പരമാവധി 15 മാര്‍ക്കും മനോധര്‍മ്മത്തിന് അഥവാ ഇംപ്രവൈസേഷന് പരമാവധി 15 മാര്‍ക്കും അനുവദിക്കും. ശാസ്ത്രീയ സംഗീത മത്സരത്തില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള രാഗം ആലപിക്കാവുന്നതാണ്.
ലളിതഗാനം
ലളിതഗാനം ഭാവ പ്രധാനമായിരിക്കണം എന്നതാണ് പ്രധാന നിര്‍ദേശം. ലളിതഗാനത്തില്‍ അമിതമായി ക്ലാസിക്കല്‍ സംഗീതം കലര്‍ത്താന്‍ പാടില്ല. വരികളുടെ അര്‍ത്ഥത്തിനനുസരിച്ച് സംഗീതം നല്‍കിയ ഗാനങ്ങളായിരിക്കണം ആലപിക്കേണ്ടത്.
ശാരീരം, ശ്രുതിലയം ജ്ഞാനഭാവം, താളം, സാഹിത്യശുദ്ധി എന്നിവയ്ക്ക് 20 മാര്‍ക്ക് വീതമാണ് പരമാവധി നല്‍കുക. ശാസ്‌ത്രീയ സംഗീതത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മനോധര്‍മ്മത്തിന് മാര്‍ക്കില്ല. എന്നുവെച്ചാല്‍ ചിട്ടപ്പെടുത്തിയ ഈണത്തില്‍ത്തന്നെ ലളിതഗാനം ആലപിക്കണം.
കഥകളി സംഗീതം
കഥകളി സംഗീതത്തിന് ലളിതഗാനത്തിന്‍റേതിന് സമാനമായ മൂല്യ നിര്‍ണ്ണയ രീതിയാണ് പിന്തുടരുന്നത്. ശാരീരം, ശ്രുതിലയം, ജ്ഞാനഭാവം, താളം, സാഹിത്യ ശുദ്ധി എന്നിവയ്ക്ക് 20 മാര്‍ക്ക് വീതം പരമാവധി ലഭിക്കും. കഥകളി സംഗീതത്തിന് ചേങ്ങില ഉപയോഗിക്കാം.
ഭരതനാട്യം, മോഹിനിയാട്ടം
നൃത്തയിനങ്ങളില്‍ പിന്നണിയില്‍ ഉപയോഗിക്കാവുന്ന സംഗീതത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങള്‍ മാന്വലിലുണ്ട്. നൃത്ത മത്സരങ്ങള്‍ക്ക് പിന്നണിയില്‍ റെക്കോഡ് ചെയ്‌ത സിഡി മാത്രം ഉപയോഗിക്കാനാണ് അനുമതി.
ഭരതനാട്യത്തിന് റെക്കോഡ് ചെയ്‌ത സിഡി ഉപയോഗിക്കാം. പാട്ടിന് ചേര്‍ന്ന വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാമെങ്കിലും ഭരത നാട്യത്തിനും മോഹിനിയാട്ടത്തിനും ഉപയോഗിക്കാവുന്ന വാദ്യോപകരണങ്ങളുടെ കാര്യത്തില്‍ കലോത്സവ മാന്വല്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ഭരതനാട്യത്തിന് വയലിന്‍, മൃദംഗം, ഓടക്കുഴല്‍, വീണ, നട്ടുവാങ്കം എന്നിവ മാത്രമേ പാടുള്ളൂ. മോഹിനിയാട്ടത്തിന് വയലിന്‍ വീണ, മൃദംഗം, നട്ടുവാങ്കം, ഇടക്ക, ഓടക്കുഴല്‍ എന്നിവ ഉപയോഗിക്കാം.
സ്കോറിങ്ങ് രീതി
ആകാര സൂക്ഷ്‌മതയ്ക്കാണ് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും 15 മാര്‍ക്കില്‍ വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണ്ണയം നടത്തുക. വേഷത്തിന് പരമാവധി 15 മാര്‍ക്ക് നല്‍കാം. ഭാവ പ്രകടനത്തിന് 20 മാര്‍ക്ക് പരമാവധി ലഭിക്കും. മുദ്രകളുടെ പൂര്‍ണ്ണതയ്ക്ക് 15 മാര്‍ക്ക് വരെ പരമാവധി ലഭിക്കാം. താളത്തിന് 20 മാര്‍ക്കും ചുവടുവെപ്പിന് 15 മാര്‍ക്കും പരമാവധി അനുവദിക്കാം.
കുച്ചുപ്പുടി
ഭരതനാട്യത്തിന്‍റേയും മോഹിനിയാട്ടത്തിന്‍റേയും സമാനമായ മൂല്യനിര്‍ണ്ണയ രീതിയാണ് കുച്ചുപ്പുടിയിലും പിന്തുടരുക.
മത്സരത്തിന് വിധികര്‍ത്താക്കളായി വരുന്നവര്‍ക്ക് കലോല്‍സവത്തില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
നാടോടി നൃത്തം
നാടോടി നൃത്തത്തിന് അനുയോജ്യമായ രൂപവും വേഷവിധാനവും ആയിരിക്കണം കുട്ടികള്‍ തെരഞ്ഞെടുക്കേണ്ടത്. അമിതമായ ആഡംബരം ഒഴിവാക്കണം. നാടോടി നൃത്തത്തില്‍ പാട്ട്, ആട്ടം, വേഷം, ചുവട് ഇവയില്‍ നാടോടിത്തനിമ പ്രകടമായിരിക്കണം. അമിതമായ ആഡംബരത്തിന് മാര്‍ക്ക് കുറക്കണമെന്ന് കലോത്സവ മാന്വല്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. ആകാര സുഷമ, വേഷം, ഭാവപ്രകടനം, താളം, ചലനഭംഗി എന്നിവയാണ് മൂല്യനിര്‍ണ്ണയത്തില്‍ പരിഗണിക്കുക. ഓരോന്നിനും പരമാവധി 20 മാര്‍ക്ക് നല്‍കാം.
കേരള നടനം
കേരള നടനത്തിന് മൂല്യ നിര്‍ണയം അഞ്ച് ഘടകങ്ങളെ ആസ്‌പദമാക്കിയാണ് നടത്തുക. ആകാര സുഷമ, ചുവടുവെപ്പ്, മുദ്രകളുടെ വ്യക്തത, താള ബോധം, അവതരണരീതി എന്നിവയ്ക്കോരോന്നിനും പരമാവധി 20 മാര്‍ക്ക് വരെ ലഭിക്കാം.
കഥകളി
കഥകളിയില്‍ ഭാവം, ചലനം, താളം, മദ്രകളുടെ വടിവ്, ചുവടുവെപ്പ് എന്നിവയെല്ലാം അടക്കം പരിഗണിച്ച് ചൊല്ലിയാട്ടത്തിന് പരമാവധി നാല്‍പ്പത് മാര്‍ക്കാണ് ലഭിക്കുക. ആഹാര്യത്തിന് 30 മാര്‍ക്ക് പരമാവധി നല്‍കാം. ബാക്കി മുപ്പത് മാര്‍ക്ക് കഥകളിയെക്കുറിച്ചുള്ള ശാസ്ത്രീയ പരിജ്ഞാനത്തിനാണ്. കഥകളി സിംഗിളിനുള്ള മൂല്യ നിര്‍ണയ രീതി ഇതാണെങ്കില്‍ ഇതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാതെ ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലുള്ള പൊരുത്തവും അവതരണ വേളയിലെ പ്രതികരണവും കൂടി കണക്കിലെടുത്താണ് മൂല്യ നിര്‍ണയം നടത്തുക.
സംഘനൃത്തം
സംഘനൃത്തത്തിനും അമിതമായ ആഡംബരം ഒഴിവാക്കണം. ഇവിടേയും അമിത ആഡംബരത്തിന് മാര്‍ക്ക് കുറക്കാന്‍ നിര്‍ദേശമുണ്ട്. എങ്കിലും വേഷവിധാനത്തിനും വേഷവിധാനത്തിലെ യോജിപ്പിനും മൂല്യനിര്‍ണ്ണയത്തില്‍ 20 മാര്‍ക്ക് നീക്കി വെച്ചിട്ടുണ്ട്. നര്‍ത്തകര്‍ തമ്മിലുള്ള യോജിപ്പിന് പരമാവധി 20 മാര്‍ക്ക് ലഭിക്കും. ചലനങ്ങള്‍ നിരീക്ഷിച്ച് 20 മാര്‍ക്ക് വരെ പരമാവധി നല്‍കാം. താളത്തിനുണ്ട് 20 മാര്‍ക്ക്. അവതരണ ഭംഗിക്ക് 20 മാര്‍ക്ക് വരെ ലഭിക്കാം.
നാടകം
നാടകത്തിന്‍റെ വിധി നിര്‍ണ്ണയം പ്രധാനമായും നാല് ഘടകങ്ങള്‍ പരിഗണിച്ച് ഇനിപ്പറയും പ്രകാരമായിരിക്കും. നാടകത്തിന്‍റെ പ്രമേയം അഥവാ ഇതിവൃത്തത്തിനാണ് 25 മാര്‍ക്ക്. അവതരണത്തിന് പരമാവധി 25 മാര്‍ക്ക് വരെ നല്‍കും. കാണികളുമായുള്ള സംവേദനത്തിന് 25 മാര്‍ക്ക് പരമാവധി നല്‍കാം. 25 മാര്‍ക്ക് അഭിനയമികവിനാണ്.
തിരുവാതിരക്കളി
ഗ്രൂപ്പ് ഐറ്റമായ തിരുവാതിരക്കളിയുടെ മൂല്യ നിര്‍ണ്ണയത്തിലും നാല് പ്രധാന ഘടകങ്ങളാണ് പരിഗണിക്കുക. വേഷത്തനിമ, ചലനം, താളം, ചുവട് എന്നിവയ്ക്ക് 25 മാര്‍ക്ക് വീതം പരമാവധി നല്‍കാം. തിരുവാതിരയ്ക്ക് ലളിതമായ കേരളീയ വേഷമായിരിക്കണം മല്‍സരാര്‍ത്ഥികളുടേത്. നിലവിളക്കും നിറപറയും വെച്ചാണ് കളിക്കേണ്ടത്. ഇത് സംഘാടകര്‍ നല്‍കും. പിന്‍പാട്ടിന് രണ്ട് കുട്ടികള്‍ വേണം. സ്റ്റേജില്‍ കളിക്കുന്ന കുട്ടികളും പാടിക്കളിക്കണം അമിതമായ ചമയങ്ങള്‍ ഒഴിവാക്കണം.
ഒപ്പന/ വട്ടപ്പാട്ട്
ആണ്‍കുട്ടികളുടെ വട്ടപ്പാട്ടിനും പെണ്‍കുട്ടികളുടെ ഒപ്പനയ്ക്കും അവതരണ മികവിനൊപ്പം താളവും ശബ്ദ ഭംഗിയുമൊക്കെ പരിഗണിച്ചാണ് മാര്‍ക്കിടുക. ഒപ്പനയുടേയും വട്ടപ്പാട്ടിന്‍റേയും സ്കോറിങ്ങ് രീതി ഇനിപ്പറയും പ്രകാരമായിരിക്കും. ഒപ്പനപ്പാട്ടിന്‍റെ അല്ലെങ്കില്‍ വട്ടപ്പാട്ടിന്‍റെ ഇശലിന് പരമാവധി 20 മാര്‍ക്ക്, പാട്ടിന്‍റെ സാഹിത്യത്തിന് 20 മാര്‍ക്ക് താളത്തിനും കൈയടിയുടെ ചേര്‍ച്ചയ്ക്കും 20 മാര്‍ക്ക്, ശ്രുതിലയത്തിനും ശബ്‌ദഭംഗിക്കും 20 മാര്‍ക്ക് തനിമയാര്‍ന്ന അവതരണത്തിന് 20 മാര്‍ക്ക് എന്നിങ്ങനെയാണ് ഇതിനെ വിഭജിച്ചിരിക്കുന്നത്. ഇതില്‍ ഓരോ ഘടകവും ടീമുകള്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
ഒപ്പന ടീമില്‍ 10 പെണ്‍കുട്ടികള്‍ വേണം. പക്കമേളമോ പിന്നണിയോ പാടില്ല. വെറും കൈകൊട്ടും പാട്ടും മാത്രം.
സ്റ്റേജില്‍ 7 പേര്‍ കളിക്കുമ്പോള്‍ 3 പേര്‍ പാടണം. ഒരാള്‍ ലീഡ് പാടുമ്പോള്‍ മറ്റ് രണ്ടു കുട്ടികള്‍ കോറസ് ഏറ്റുപാടണം. സാഹിത്യ ശുദ്ധിയുള്ള പാട്ടായിരിക്കണം ഒപ്പനയ്ക്ക് തെരഞ്ഞെടുക്കുന്നത്.
താളത്തിനൊത്ത കൈയടിയും പ്രധാനമാണ്. നൃത്തമാണെന്ന് തോന്നാത്ത തരത്തില്‍ ചാഞ്ഞും ചരിഞ്ഞും കൈയടിയും ചുറ്റിക്കളിയുമൊക്കെ അനുവദനീയമാണ്. മണവാട്ടി നിര്‍ബന്ധമാണ്. ഒപ്പനപ്പാട്ടിന്‍റെ സ്വതസിദ്ധമായ രീതി അനുസരിച്ച് ചായല്‍, ഇടമുറുക്കം, മുറുക്കം, മുറുക്കത്തില്‍ തുണ്ട്, മുറുക്കത്തില്‍ തുണ്ടുചാട്ടം എന്നിവയുമുണ്ടായിരിക്കണം. വരവ് വഴിനീളം, പോക്ക് വഴിനീളം എന്നിവയ്ക്ക് മറ്റ് ഇശലുകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
കോല്‍ക്കളി
കോല്‍ക്കളിയില്‍ കോലടക്കത്തിനും ചുവടുവെപ്പിനുമാണ് ഏറെ പ്രാധാന്യം. അഞ്ച് ഘടകങ്ങള്‍ പരിഗണിച്ചാണ് പ്രധാനമായും മൂല്യനിര്‍ണ്ണയം. താളത്തിനും കോലടക്കത്തിനും 25 മാര്‍ക്ക് വരെ ലഭിക്കും. ചുവടുവെപ്പിനുമുണ്ട് പരമാവധി 25 മാര്‍ക്ക്.