തിരുവനന്തപുരം:"സുര തരുണികളങ്ങു നടന്നു....സുര ഗിരി തടകങ്ങള്‍ കടന്നു... പരിമൃദു വചനങ്ങള്‍ തുടര്‍ന്നു. പരിചൊടു മനമൊന്നു വിടര്‍ന്നു... വരവാണിജനങ്ങളുടെ തലമുടി... വടുതരവരികയും മലര്‍പൊഴികയും മനമന്‍പൊടു വിലസുകയും... ഹരിസുതനുടെ മുമ്പിലടുത്തു... കരതലമതില്‍ വീണയെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"പാണ്ഡവരുടെ വനവാസ കാലത്ത് പാശുപതാസ്ത്രത്തിനായി അര്‍ജുനന്‍ കഠിന തപസനുഷ്ഠിക്കുകയാണ്. ഇന്ദ്രന്‍ തന്നെ ഞെട്ടി. അര്‍ജുനന്‍റെ തപസ് മുടക്കാന്‍ ഇന്ദ്രന്‍ അപ്‌സരസുകളെ നിയോഗിക്കുന്നതും അര്‍ജുനനെ വശീകരിച്ച് വളയ്ക്കാന്‍ അപ്‌സരസുകള്‍ ശ്രമിക്കുന്നതുമാണ് വേദിയില്‍ നിറയുന്നത്.
കുഞ്ചന്‍ നമ്പ്യാരുടെ വരികളാകുമ്പോള്‍ പരിഹാസ ശരങ്ങളേറെയുണ്ടാകും. ന്യൂ ജന്‍ ഭാഷയില്‍ പറഞ്ഞാല്‍ തഗ്ഗുകളുടെ രാജാവ്. കിരാതം തുള്ളലിലെ നല്ലൊരു കഥാ സന്ദര്‍ഭം തന്മയത്വത്തോടെ രംഗത്തവതരിപ്പിക്കുകയാണ് തൃശൂര്‍ വരന്തരപ്പള്ളി സ്‌കൂളിലെ പുണ്യ എന്‍പി.
മടിയന്മാരുടെ മതവും മദവും പടതുടരുമ്പോള്‍ തീരുമതറിവിന്‍... എന്ന മുന്നറിയിപ്പുമായി വേദിയിലെത്തിയ പാലക്കാട് സിവിഎം എച്ച് എസിലെ അക്ഷയ ദാസ് അഹം ബോധത്തില്‍ മതി മറന്ന ദുര്യോധനന്‍റെ ദുര്‍ഭാഷണങ്ങള്‍ തുള്ളലിലൂടെ മനോഹരമായി അവതരിപ്പിച്ചു.
കലോത്സവത്തിലെ ഓട്ടം തുള്ളല്‍ മത്സരത്തില്‍ നിന്നുള്ള ദൃശ്യം (ETV Bharat) "നില്ലെട മൂഢാ മതി മതി നിന്നുടെ വല്ലാതുള്ളൊരു വാക്കുകളെല്ലാം പല്ലുകടിച്ചു ചൊടിച്ചു പറഞ്ഞാല്‍ കൊല്ലുവതിന്നൊരു സംശയമില്ല. പെണ്ണുങ്ങള്‍ക്കൊരു ബഹുമാനത്തിന് പൊണ്ണന്‍ പലവക ജല്‍പ്പിക്കുന്നു. വാടാ നിന്നുടെ വിരുതുകളെന്നൊടു കൂടാ പാടവമോടിഹ പടപൊരുതീടുക നാടകമല്ലിത് വീര വിനോദം....
ഹയര്‍സെക്കണ്ടറി പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളലില്‍ മത്സരിക്കാന്‍ ഏറെപ്പേരുണ്ടായിരുന്നു. 18 പേര്‍ മത്സരിച്ചതില്‍ 17 പേരും എ ഗ്രേഡുമായി മടങ്ങി. ജില്ലാ കലോത്സവങ്ങളില്‍ ജേതാക്കളായെത്തിയവര്‍ക്ക് പുറമേ സ്പെഷ്യല്‍ ഓര്‍ഡര്‍ വഴി മത്സരിച്ച നാലുപേരില്‍ മൂന്ന് പേര്‍ക്കും സംസ്ഥാന കലോല്‍സവത്തില്‍ എ ഗ്രേഡ് ലഭിച്ചു. ഓട്ടന്‍തുള്ളലില്‍ മത്സരിച്ച പത്തു പേര്‍ക്കും ഇത് അവസാന സ്‌കൂള്‍ കലോത്സവമായിരുന്നു.
മികവാര്‍ന്ന വൃന്ദ വാദ്യം
ഹയര്‍ സെക്കന്‍ഡറി വൃന്ദവാദ്യ മത്സരത്തില്‍ മൊത്തം 16 ടീമുകളാണ് പങ്കെടുത്തത്. 13 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. ഒരു ടീമിന് ബി ഗ്രേഡും ഒരു ടീമിന് സി ഗ്രേഡും കിട്ടി. നാലു ടീമുകളെ നയിച്ചത് പെണ്‍കുട്ടികളായിരുന്നു. ഉപകരണ സംഗീത വിഭാഗത്തില്‍ മത്സരിച്ചവര്‍ അടങ്ങിയ ടീമുകളാണ് മിക്ക ജില്ലകള്‍ക്കും വേണ്ടി രംഗത്തിറങ്ങിയത്.
വിവിധ വാദ്യോപകരണങ്ങള്‍ തമ്മിലുള്ള ഏകോപനവും അവയുടെ ലയവും താളവും നാദവുമൊക്കെയാണ് വൃന്ദ വാദ്യ വേദിയില്‍ പരീക്ഷിക്കപ്പെട്ടത്. പലരും മികച്ച രീതിയില്‍ പരിപൂര്‍ണതയോടെ തന്നെ ഉപകരണങ്ങള്‍ കൈകാര്യം ചെയ്‌തു. ഒന്നിലേറെ ഉപകരണങ്ങള്‍ കൈകാര്യം ചെയ്‌തും ചില മത്സരാര്‍ഥികള്‍ മികവു കാട്ടി.
മൊഞ്ചന്മാരുടെ തക്കാര വിശേഷം
ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ 14 ടീമുകളാണ് പങ്കെടുക്കാനുണ്ടായിരുന്നത്. പക്ഷേ ആറു പേര്‍ക്ക് ബി ഗ്രേഡാണ് കിട്ടിയത്. എട്ടു പേര്‍ക്ക് എ ഗ്രേഡ് കിട്ടി. ചേട്ടന്മാരോടൊപ്പം പിടിച്ച് അഞ്ച് ഒമ്പതാം ക്ലാസുകാരും എ ഗ്രേഡ് നേടി.
കലോത്സവത്തിലെ വട്ടപ്പാട്ട് മത്സരത്തില്‍ നിന്നുള്ള ദൃശ്യം (ETV Bharat) വറുത്തെടുത്ത് നിറച്ചപ്പം വടിവൊത്തവല് കുഴലപ്പം പൂവപ്പം പാലപ്പം കിണ്ണത്തപ്പം പുന്നാരമ്മായി മനം കുളിര്‍ത്തേ... മണവാളനെ ആനയിച്ച് കൂട്ടാളികള്‍ തക്കാരത്തിന്‍റെ വിവരണം നടത്തുകയാണ് വട്ടപ്പാട്ട് വേദിയില്‍. നീട്ടിയും കുറുക്കിയും ചാഞ്ഞും ചെരിഞ്ഞും കൈകൊട്ടി മനോഹരമായ ഇശലുകള്‍ അവര്‍ കൈകൊട്ടി താളത്തിനൊപ്പിച്ച് ശബ്‌ദ ഭംഗി ചോരാതെ പാടി.
"കണ്ണെഞ്ചുന്നോരുല്ലാസം... കണ്ടാലഞ്ചും ആഘോഷം. ചന്തം ബന്ധം ബങ്കിതമിന്ത കല്യാണം..ഉല്ലാസപ്പൂന്തോപ്പില്‍ ചൂടാനായി നേരം. ..." ആണ്‍കുട്ടികളുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടില്‍ അപ്പീലുകളടക്കം 20 ടീമുകളാണ് മത്സരിക്കാനെത്തിയത്. ഫലം വന്നപ്പോള്‍ 17 പേര്‍ക്ക് എ ഗ്രേഡ്. ബാക്കിയുള്ള 3 ടീമുകളില്‍ രണ്ടുപേര്‍ സംസ്ഥാന അപ്പീല്‍ കമ്മിറ്റിയില്‍ ഫലം ചോദ്യം ചെയ്‌ത് അപ്പീലും സമര്‍പ്പിച്ചു.
ALSO READ: ഒരു വാദ്യോപകരണവും പഠിക്കാത്ത രവീന്ദ്രന്‍ കൊയിലാണ്ടി സ്‌കൂളിലെ പിള്ളേര്‍ക്ക് 'ആശാന്‍'; ഇതൊരു വേറിട്ട സ്‌റ്റൈല്‍, പതിവ് തെറ്റിച്ചില്ല ഇത്തവണയും എ ഗ്രേഡ് - KOYILANDY HSS CHENDAMELAM TEAM