തിരുവനന്തപുരം:എട്ടാം ക്ലാസിൽ ജയിക്കാൻ വേണ്ട മിനിമം മാർക്ക് ലഭിക്കാത്തവർക്ക് ബ്രിഡ്‌ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്‌ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷ നടത്തും. ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന ഓൾപാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
സമൂഹത്തിന്‍റെ താഴെക്കിയടിലുള്ളവരെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ നിര്‍ദേശം നടപ്പാക്കുന്നതിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മിനിമം മാർക്ക് ലഭിക്കാത്തവർക്ക് പരീക്ഷാഫലം വന്ന് രണ്ടാഴ്‌ചയ്‌ക്കകം തന്നെ ബ്രിഡ്‌ജ് കോഴ്‌സ് നടത്തി പുനഃപരീക്ഷ നടത്തുമെന്ന് സർക്കാർ അറിയിച്ചത്.
എട്ട്, ഒന്‍പത് ക്ലാസുകളിൽ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന സമ്പ്രദായം (ഓള്‍ പ്രൊമോഷന്‍) അവസാനിപ്പിക്കാന്‍ ഇന്നലെയായിരുന്നു സര്‍ക്കാര്‍ തീരുമാനമായത്. ഇനി മുതല്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമെ എട്ടാം ക്ലാസ് വിജയിക്കാനാകൂ. ഈ സമ്പ്രദായം വരുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും.
ഒന്‍പതാം ക്ലാസില്‍ ഈ രീതി 2025-26 അധ്യയന വര്‍ഷം മുതലും എസ്എസ്എല്‍സിക്ക് ഈ രീതി 2026-27 അധ്യയന വര്‍ഷത്തിലുമാണ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ജൂണ്‍ മാസത്തില്‍ തിരുവനന്തപുരത്ത് അധ്യാപക-വിദ്യാര്‍ഥി സംഘടന പ്രതിനിധികളെയും വിദ്യാഭ്യാസ വിചക്ഷണരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കുകയായിരുന്നു.
വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിന് പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട്. അതേസമയം ഗണിതത്തിലും ഫിസിക്‌സ്, കെമിസ്‌ട്രി പോലുള്ള ശാസ്‌ത്ര വിഷയങ്ങളിലും ശരാശരി നിലവാരമുള്ള കുട്ടികള്‍ക്ക് 30 ശതമാനം മാര്‍ക്ക് നേടുക വെല്ലുവിളിയാകുമെന്നാണ് പുതിയ തീരുമാനത്തെ എതിർത്തുകൊണ്ട് ഒരുകൂട്ടം ചൂണ്ടിക്കാട്ടുന്നത്. വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിന്‍റെ എണ്ണം കൂട്ടാനും ഇത് കാരണമായേക്കും.