തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാനത്ത് 4 വർഷ ബിരുദ കോഴ്‌സുകൾ നിലവിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകീകൃത അക്കാദമിക് ടൈം ടേബിളും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുതൽ നടപ്പിലാക്കാനൊരുങ്ങുകയാണ്. മെയ് 20 മുതലാണ് സംസ്ഥാനത്തെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങുന്നത്.
നോട്ടിഫിക്കേഷൻ വന്നാൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനാകും. ജൂൺ 7 വരെ അപേക്ഷകൾ സമർപ്പിക്കാം. ട്രയൽ റാങ്ക് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും ജൂൺ 15 ന് പ്രസിദ്ധീകരിക്കും. ജൂൺ 22 നാണ് ആദ്യ അലോട്ട്മെന്‍റ്. ജൂൺ 29 ന് രണ്ടാം അലോട്ട്മെന്‍റ് നടന്നതിന് ശേഷം ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 5 നാണ് മൂന്നാം അലോട്ട്മെന്‍റ്.