തിരുവനന്തപുരം :പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിൽ ഇത്തവണ അരങ്ങ് വാഴാൻ എത്തിയിരിക്കുകയാണ് നീലേശ്വരം സ്വദേശി അശ്വതി എസ് നായർ. രാമായണം കഥാഭാഗവും മഹാകവി വ്യാസൻ രചിച്ചുവെന്നും പറയപ്പെടുന്ന അഭിഷേക നാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധമാണ് അവർ വേദിയിൽ അവതരിപ്പിക്കുന്നത്. രാവണ വേഷമായാണ് അശ്വതി ഇത്തവണ അരങ്ങിലെത്തുന്നത്.
ഹനുമാൻ സീതാദർശനത്തിന് ശേഷം അശോകവനികോദ്യാനം നശിപ്പിക്കുന്നതും ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്‌ത്രം കൊണ്ട് പിടിച്ചുകെട്ടി രാവണസഭയിലെത്തി രാവണനോടൊപ്പമിരുന്ന് ശ്രീരാമനെ സ്‌തുതിക്കുന്നതും അത് കേട്ട് ക്രുദ്ധനായ രാവണൻ ഹനുമാന്‍റെ വാലിൽ തീയിടുവാൻ രാക്ഷസന്മാരോട് കൽപ്പിക്കുന്നതും ശ്രീരാമന് സീതയെ തിരിച്ച് കൊടുക്കാൻ അഭ്യർഥിക്കുന്ന വിഭീക്ഷണനെ രാവണൻ ലങ്കയിൽ നിന്നും പറഞ്ഞയയ്‌ക്കുന്നതുമാണ് തോരണയുദ്ധത്തിന്‍റെ കഥാഭാഗം.
ഇത് മൂന്നാം തവണയാണ് അശ്വതി ശശിധരൻ സംസ്ഥാന കലോത്സവ വേദിയിലെത്തുന്നതെന്ന് മാതാവ് സരിത ശശിധരൻ പറഞ്ഞു. കഴിഞ്ഞ വർഷം അശ്വതിക്ക് കേരള നടനത്തിനും കൂടിയാട്ടത്തിനും എ ഗ്രേഡ് ലഭിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മാത്രമല്ല ഇക്കൊല്ലവും കൂടിയാട്ടത്തിന് എ ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സരിത വ്യക്തമാക്കി. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് അശ്വതി.
എന്താണ് കൂടിയാട്ടം:കേരളത്തിലെ ഏറ്റവും പഴയ രംഗകലയാണ് കൂടിയാട്ടം. ഭരതമുനിയുടെ നാട്യശാസ്ത്രത്തോളം പഴക്കമുണ്ട് കൂടിയാട്ടത്തിന് എന്നാണ് കരുതപ്പെടുന്നത്. തുടർന്നുളള നൂറ്റാണ്ടുകളിൽ കൂടിയാട്ടം നവീകരിക്കപ്പെട്ടു കൊണ്ടിരുന്നു.