മുംബൈ :മുംബൈയിലെ വോർലിയിൽ ആഡംബര കാര്‍ ഇടിച്ച് ബൈക്ക് യാത്രിക കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. രാജേന്ദ്ര സിങ് ബിദാവത്, മുഖ്യപ്രതിയുടെ പിതാവ് രാജേഷ് ഷാ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വോർലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ (07.07.20204) യുവതി ഭർത്താവിനൊപ്പം യാത്ര ചെയ്‌തിരുന്ന ബൈക്കിൽ അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ചാണ് അപകടമുണ്ടായത്. വോർലി കോളിവാഡ സ്വദേശി കാവേരി നഖ്‌വ (45) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ യുവതിയുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ആട്രിയ മാളിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. ബൈക്കിൽ കാർ ഇടിച്ചതിനു ശേഷം മുഖ്യപ്രതി മിഹിർ ഷാ കടന്നുകളയുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബാന്ദ്ര മേഖലയിൽ നിന്ന് കാർ പിടിച്ചെടുത്തതായി വർളി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാവിന്‍റെ ആഡംബര കാറാണ് പിടിച്ചെടുത്തത്.
അതേസമയം കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിൽ യുവതി മരിച്ച സംഭവം വളരെ ദൗർഭാഗ്യകരമാണ്. താൻ പൊലീസുമായി സംസാരിച്ചു. കുറ്റക്കാർ ആരായാലും അവർക്കെതിരെ നടപടിയെടുക്കും. എന്ത് സംഭവിച്ചാലും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:അമിത വേഗതിയലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം