പിലിഭിത്ത് :ബിജെപി സീറ്റ് നിഷേധിച്ചതോടെ പ്രിയപ്പെട്ട പിലിഭിത്തിനോട് യാത്ര പറഞ്ഞ് വരുൺ ഗാന്ധി. വരുണിനെ പാടെ മറന്ന് അമ്മ മനേക ഗാന്ധിക്ക് മാത്രം ബിജെപി സുൽത്താൻപൂരിൽ സീറ്റ് നൽകിയപ്പോൾ മണ്ഡലത്തിലെ ജനങ്ങളോട് നന്ദിയും യാത്രയും പറഞ്ഞ് വരുൺ കത്തെഴുതിയിരിക്കുകയാണ്. തന്‍റെ കത്ത് വരുൺ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
താൻ എംപിയായില്ലെങ്കിലും തന്‍റെ നാടിന് വേണ്ടി അവസാനകാലം വരെ പ്രവർത്തിക്കുമെന്ന് വരുൺ ഗാന്ധി തന്‍റെ കത്തിൽ പറഞ്ഞു. വരുണിന്‍റെ കത്ത് തുടങ്ങുന്നത് തന്‍റെ നാടിന്‍റെ എണ്ണമറ്റാത്ത ഓർമകൾക്കുമുന്നിൽ വികാര നിർഭരനായി താൻ നിൽക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ്.
'അമ്മയുടെ വിരൽത്തുമ്പ് പിടിച്ച് 1983ലാണ് അന്ന് ആദ്യമായി പിലിഭിത്തിലെത്തിയത്. അന്നത്തെ ആ 3 വയസുകാരനായ കൊച്ചുകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ എംപി എന്ന നിലയിൽ മാത്രമല്ല നിങ്ങളിൽ ഒരാളെന്ന നിലയിൽ പിലിഭിത്തിലെ ആളുകളെ സേവിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഭാഗ്യമായി ഞാൻ കരുതുന്നു.
പ്രിയപ്പെട്ട ജനങ്ങൾക്ക് എന്‍റെ ആശംസകൾ' എന്ന് വരുൺ കത്തിൽ പറഞ്ഞു. 'പിലിഭിത്തിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച ലാളിത്യം എന്‍റെ വളർച്ചയിർലും വികാസത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതിനിധിയായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എന്‍റെ കഴിവിന്‍റെ പരമാവധി നിങ്ങളുടെ താൽപര്യങ്ങൾക്കായി ഞാൻ എപ്പോഴും ശബ്‌ദം ഉയർത്തിയിട്ടുണ്ട്.