ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവച്ചത് 6.21 ലക്ഷം കോടി. 2023ല്‍ 5.94 ലക്ഷം കോടിയായിരുന്നു അനുവദിച്ചിരുന്നത്. 2020ല്‍ 4.71 ലക്ഷം കോടി, 2021ല്‍ 4.78 ലക്ഷം കോടി, 2022ല്‍ 5.25 ലക്ഷം കോടി, എന്നിങ്ങനെ ആയിരുന്നു പ്രതിരോധ മേഖലയ്ക്ക് മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നത്.
മൂലധന സമ്പാദനം (72 ലക്ഷം കോടി രൂപ), ശമ്പളം ഒഴികെയുള്ള റവന്യൂ ചെലവുകൾക്കായി സായുധ സേനയ്ക്ക് (92,088 കോടി), പെൻഷൻ (1.41 ലക്ഷം കോടി രൂപ), അതിർത്തി അടിസ്ഥാന സൗകര്യങ്ങൾക്കായി (6,500 കോടി), ഇന്ത്യൻ കോസ്റ്റ് ഗാർഡ് (7,651.80 കോടി), ഡിആർഡിഒ (23,855 കോടി) രൂപയാണ് പ്രധാനമായും വകയിരുത്തിയത്.
പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഹാർഡ്‌വെയർ എന്നിവ വാങ്ങുന്നതിന് മൂലധന ചെലവുകൾക്കായി സൈന്യത്തിന് മൊത്തം 1.72 ലക്ഷം കോടി രൂപ നീക്കിവച്ചു. 2023-24ൽ 1.62 ലക്ഷം കോടി രൂപയാണ് മൂലധന വിഹിതത്തിനുള്ള ബജറ്റ്.
പ്രതിരോധ പെൻഷനുകൾക്കായി 1,41,205 കോടി രൂപയും പ്രതിരോധ സേവനങ്ങൾക്കായി 2,82,772 കോടി രൂപയും പ്രതിരോധ മന്ത്രാലയത്തിന് (സിവിൽ) 15,322 കോടി രൂപയും ഉൾപ്പെടെ മൊത്തം റവന്യൂ ചെലവ് 4,39,300 കോടി രൂപയാണ്.