അഗർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം അധ്യാപകനെ ആക്രമിച്ച് കൊലപ്പെടുത്തി. ത്രിപുരയിലെ ഗോമതി ജില്ലയിലെ നാല്‍പ്പതുകാരനായ അധ്യാപകനെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തെങ്കിലും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഉദയ്‌പൂർ ടൗണിൽ ഒരു സ്വകാര്യ ട്യൂഷനിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇതേത്തുടർന്ന് വ്യാഴാഴ്‌ച അധ്യാപകനെ നാട്ടുകാർ ക്രൂരമായി മർദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം, ആഗസ്‌റ്റ് എട്ടിന് രാത്രി ഭാര്യയുടെ സാന്നിധ്യത്തിൽ നാട്ടുകാർ ഇയാളെ ആർകെ പുർ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, ഇയാൾക്കെതിരെ പീഡനത്തിന് കേസെടുത്തു. ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം, പ്രതിയെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി അസിസ്‌റ്റന്‍റ് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് (ലോ ആൻഡ് ഓർഡർ) അനന്ത ദാസ് പറഞ്ഞു.