മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ (Source: ETV Bharat Network) അലിഗഡ് :വിവാഹ ചടങ്ങിനിടെ ആഭരണങ്ങൾ നിറച്ച സ്യൂട്ട്കേസുമായി കടന്ന് അജ്ഞാതനായ മോഷ്‌ടാവ്. 25 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളാണ് സ്യൂട്ട്കേസിലുണ്ടായിരുന്നത്. പ്രതി സൂട്ട്‌കേസ് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സസ്‌നി ഗേറ്റ് ഏരിയയിലെ ചന്ദ്ര ഗാർഡനിൽ ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സസ്‌നി ഗേറ്റ് പ്രദേശത്തെ താമസക്കാരനും തഹസിൽദാരുമായ സഞ്ജീവ് ചൗഹാന്‍റെ മകളുടെ വിവാഹത്തിനിടെ ആയിരുന്നു മോഷണം.
മഥുര റോഡിലെ സസ്‌നി ഗേറ്റിലെ ഗസ്റ്റ് ഹൗസിലാണ് വിവാഹ പരിപാടി നടന്നത്. വധുവിന് നൽകാനുള്ള ആഭരണങ്ങൾ നിറച്ച ഒരു സ്യൂട്ട്കേസ് വരന്‍റെ കുടുംബം കൊണ്ടുവന്നിരുന്നു. ഈ സ്യൂട്ട്കേസാണ് കളവുപോയത്. 25 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളാണ് നഷ്‌ടമായതെന്ന് കുടുംബം പറയുന്നു.
വരന്‍റെ മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിനിടെ അജ്ഞാതരായ ചില യുവാക്കൾ മുറിയിലേക്ക് കയറി.അവിടെയുണ്ടായിരുന്ന സ്‌ത്രീകൾ ഇവരെ തടയാൻ ശ്രമിച്ചുവെങ്കിലും വധുവിൻ്റെ ആൾക്കാരാണെന്ന് ഇവർ പറയുകയും മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. പിന്നാലെയാണ് സ്യൂട്ട്കേസ് നഷ്‌ടമായത്.
അതേസമയം, ഒരു യുവാവ് സ്യൂട്ട്കേസ് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് ഏരിയ ഓഫിസർ പ്രഥമ അഭയ് പാണ്ഡെ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സിസിടിവി ക്യാമറകളിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.