ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലേറെയായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന ബാങ്ക് സിഇഒക്ക് വിവാഹമോചനം അനുവദിച്ച് സുപ്രീം കോടതി. ദുബായ് ആസ്ഥാനമായുള്ള ബാങ്ക് സിഇഒയുടെ വിവാഹം റദ്ദാക്കിയ സുപ്രീം കോടതി, ഭാര്യക്ക് 5 കോടിയും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് 1 കോടിയും ഒറ്റത്തവണയായി ജീവനാംശം നൽകാനും നിർദേശിച്ചു.
ഭാര്യയുടെ ഇടക്കാല ജീവനാംശം പ്രതിമാസം 1.15 ലക്ഷം രൂപയിൽ നിന്ന് 1.45 ലക്ഷം രൂപയായി വർധിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.
ഭാര്യയുടെ ജീവിതനിലവാരം, ഭർത്താവിന്‍റെ സാമ്പത്തിക ഭദ്രത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ജീവനാംശ തുക നിശ്ചയിച്ചതെന്ന് കോടതി വ്യക്തമാക്കി. 2010 ലെ കണക്കുകൾ അനുസരിച്ച് ഭർത്താവിന് അഞ്ചു കോടിയിലധികം രൂപയുടെ സമ്പാദ്യം ഉണ്ടെന്ന് വ്യക്തമായതാണ്, കോടിക്കണക്കിന് രൂപയുടെ ആസ്‌തി ഭർത്താവിന്‍റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.