ജയ്‌പൂർ (രാജസ്ഥാൻ) : രാജസ്ഥാനില്‍ 23 കാരൻ വഴിയാത്രക്കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. രാജസ്ഥാൻ പൊലീസ് ഇൻസ്‌പെക്‌ടർ പ്രശാന്ത് ശർമ്മയുടെ മകൻ ക്ഷിജിതാണ് ഈ അരുംകൊല ചെയ്‌തത്. പൊലീസായ പിതാവ് വീട്ടിലുള്ള സമയത്ത് തന്നെയാണ് ഈ കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ക്ഷിതിജ് ശർമ്മയെ അറസ്‌റ്റ് ചെയ്‌തതായും ചോദ്യം ചെയ്‌തുവരികയാണെന്നും ഡിസിപി (വെസ്‌റ്റ്) അമിത് ബുധാനിയ പറഞ്ഞു.
രാജസ്ഥാൻ പൊലീസ് ഇൻസ്‌പെക്‌ടറായ പിതാവ് പ്രശാന്ത് ശർമ്മ വീടിനുള്ളിൽ ആയിരുന്നപ്പോഴാണ് രജനി ബിഹാർ കോളനിയിലെ പ്രതിയുടെ വീടിന് പുറത്ത് സംഭവം നടന്നതെന്ന് ഡിസിപി പറഞ്ഞു. ചൊവ്വാഴ്‌ച (മാർച്ച് 2) രാത്രി ഇൻസ്‌പെക്‌ടറുടെ വീടിന് പുറത്ത് കൂടി കടന്നുപോവുകയായിരുന്ന മോഹൻലാൽ സിന്ധി(35)യുമായി ക്ഷിതിജ് തർക്കത്തിലേർപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തർക്കം മൂർച്‌ഛിച്ചപ്പോൾ, വീട്ടിനുള്ളിൽ കയറി ക്ഷിതിജ് ബാറ്റ് എടുത്തുകൊണ്ടുവന്ന് മോഹൻലാൽ സിന്ധിയുടെ തലയിൽ ആവർത്തിച്ച് അടിക്കുകയും ഒടുവിൽ അത് മരണത്തിലേക്ക് നയിക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, ശബ്‌ദം കേട്ട് ക്ഷിതിജിന്‍റെ പിതാവ് വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോൾ മോഹൻലാൽ സിന്ധി റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ, അവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നും രക്ഷിക്കാനായില്ലെന്ന് അമിത് ബുധാനിയ പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം ക്ഷിതിജിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതായും ഡിസിപി കൂട്ടിച്ചേർത്തു.