ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വ പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. പ്രധാനമന്ത്രിയുടെ പബ്ലിക് റിലേഷന്‍സിനായി വന്‍തോതില്‍ പൊതുപണം ചെലവിടുന്നുവെന്നും അവര്‍ ആരോപിച്ചു. അതേസമയം നിരവധി യുവാക്കളുടെ ജീവിതം മാറ്റിമറിക്കാന്‍ സാധിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാഷണല്‍ ടാലന്‍റ് സെര്‍ച്ച് എക്‌സാമിനേഷന്‍(എന്‍ടിഎസ്‌ഇ) റദ്ദാക്കിയ നടപടിയിലും പ്രിയങ്ക ആശങ്ക രേഖപ്പെടുത്തി. മികച്ച വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ ഇത് ഏറെ സഹായകരമായിരുന്നു. അത് വഴി രാഷ്‌ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാനും അവര്‍ക്കായി.
1963ലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. രാജ്യമെമ്പാടുമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ സഹായകമായി. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് നടക്കുന്നില്ല. ഇതിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്‌ടമായത്.
യുവവിദ്യാര്‍ഥികളുടെ ക്ഷേമത്തെക്കാള്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പ്രചാരണങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പ്രധാനമന്ത്രിയുടെ പിആറിനായി 62 കോടി രൂപയാണ് ചെലവിട്ടത്. കേവലം നാല്‍പ്പത് കോടി ഉണ്ടായിരുന്നെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാമായിരുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
വികസന കാഴ്‌ചപ്പാടിന് മേല്‍ പ്രധാനമന്ത്രിയുടെ പിആര്‍ ആധിപത്യം സ്ഥാപിക്കുന്നു. 1963ല്‍ ആരംഭിച്ച ദേശീയ ടാലന്‍റ് സെര്‍ച്ച് പരീക്ഷയിലൂടെ നിരവധി വിദ്യാര്‍ഥികളുടെ ഭാവിക്ക് വഴിയൊരുക്കാനായി. അവര്‍ രാജ്യത്തിന്‍റെ പുരോഗതിയില്‍ പങ്കാളികളായി. മികച്ച വിദ്യാഭ്യാസത്തിന്‍റെ വാതിലുകള്‍ അവര്‍ക്കായി തുറക്കപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി തന്‍റെ സാമൂഹ്യ മാധ്യമപോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
മൂന്ന് വര്‍ഷത്തിനിടെ കേവലം നാല്‍പ്പത് കോടി രൂപ മാത്രമേ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ വേണ്ടി വരുമായിരുന്നുള്ളൂ. എന്നാല്‍ ഈ മൂന്ന് വര്‍ഷം കൊണ്ട് പ്രധാനമന്ത്രിയുടെ പിആര്‍ വര്‍ക്കിനായി 62 കോടി ചെലവിട്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മികച്ച ഭാവിയിലേക്കുള്ള വഴി കൂടിയാണ് സര്‍ക്കാര്‍ അടച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പി ആര്‍ വര്‍ക്കുകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.
നേരത്തെ, നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗജിത് സിങ് ദല്ലെവാളിന്‍റെ ആരോഗ്യസ്ഥിതി മോശമാകുന്നതിലും പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ് ദല്ലെവാള്‍.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് ക്രൂരത തുടരുകയാണെന്നും ലോക്‌സഭാംഗം കൂടിയായ പ്രിയങ്ക ആരോപിച്ചു. ഈഗോ മാറ്റി വച്ച് പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിലൂടെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. 2021ലെ കര്‍ഷക പ്രക്ഷോഭ കാലത്ത് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം പ്രഖ്യാപിച്ചാണ് ഖനൗരി അതിര്‍ത്തിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച കണ്‍വീനര്‍ ദല്ലെവാള്‍ സമരം നടത്തുന്നത്. വിളകള്‍ക്ക് ന്യായമായ കുറഞ്ഞ താങ്ങുവില പ്രഖ്യാപനം അടക്കമുള്ള ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്.
Also Read:രാഹുല്‍ 'പണി പഠിച്ച് വരുന്നു', മെച്ചപ്പെടുന്നുണ്ട്, പ്രിയങ്ക മിടുമിടുക്കിയെന്നും കരണ്‍ സിങ്