ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള നയതന്ത്ര ബന്ധം 75 വർഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഓസ്‌ട്രിയ സന്ദര്‍ശിക്കും. ജൂലൈ 9, 10 തീയതികളിലാകും പ്രധാനമന്ത്രി ഓസ്‌ട്രിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുക.
41 വർഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983-ല്‍ ഇന്ദിര ഗാന്ധിയാണ് അവസാനമായി രാജ്യം സന്ദർശിക്കുന്നത്. 1949-ൽ ആണ് ഇന്ത്യ ഓസ്‌ട്രിയയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് 1955-ൽ ജവഹർലാൽ നെഹ്‌റു ഓസ്ട്രിയ സന്ദര്‍ശിച്ചു. പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1971-ൽ ഓസ്ട്രിയയില്‍ സന്ദർശനം നടത്തി.
തുടർന്ന് 1980-ൽ അന്നത്തെ ഓസ്ട്രിയൻ ചാൻസലർ ബ്രൂണോ ക്രെയ്‌സ്‌കി ഇന്ത്യയിലുമെത്തിയിരുന്നു. 1983-ല്‍ ഇന്ദിര ഗാന്ധി ഗാന്ധി വീണ്ടും ഓസ്‌ട്രിയയിലെത്തിയിരുന്നു. തുടർന്ന് 1984-ൽ അന്നത്തെ ചാൻസലർ ഫ്രെഡ് സിനോവാട്ട്‌സ് ഇന്ത്യയും സന്ദർശിച്ചു. 1983-ലെ സന്ദർശന വേളയിൽ ജൂൺ 16 മുതല്‍ 18 വരെ ഇന്ദിര ഗാന്ധി വിയന്നയിൽ ചെലവിട്ടിരുന്നു.
ഇന്ദിര ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രിമാരുടെ സന്ദർശനങ്ങളൊന്നും ഓസ്‌ട്രിയയിലേക്ക് ഉണ്ടായിട്ടില്ലെങ്കിലും രാഷ്‌ട്രപതി തലത്തിലുള്ള സന്ദർശനങ്ങൾ ഉണ്ടായിട്ടുണ്ട്. 1999-ൽ രാഷ്‌ട്രപതി കെ ആർ നാരായണൻ ഓസ്ട്രിയ സന്ദർശിച്ചിരുന്നു.
2005-ൽ അന്നത്തെ പ്രസിഡന്‍റ് ഹെയ്ൻസ് ഫിഷർ ഇന്ത്യയിലെത്തി. 2010-ൽ ഓസ്ട്രിയൻ വൈസ് ചാൻസലർ ജോസഫ് പ്രോൾ, 2011-ൽ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ തുടങ്ങയവര്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും പ്രധാനമന്ത്രി മോദി പര്യടനം നടത്തുന്നതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് മാധ്യമങ്ങളെ അറിയിച്ചത്.
22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ജൂലൈ 8-9 തീയതികളിൽ മോസ്‌കോയിൽ ഔദ്യോഗിക സന്ദർശനം നടത്തും. യാത്രയുടെ രണ്ടാം ഘട്ടത്തിൽ, ഓസ്ട്രിയൻ ചാൻസലറുടെ ക്ഷണപ്രകാരം 9-10 തീയതികളിൽ മോദി ഓസ്ട്രിയ സന്ദർശിക്കും. നരേന്ദ്ര മോദിയുടെ ഓസ്ട്രിയയിലേക്കുള്ള ആദ്യ സന്ദർശനമാണിത്.
2021 ഒക്‌ടോബറിൽ ഗ്ലാസ്‌ഗോയിൽ COP26- ന്‍റെ ഭാഗമായി പ്രധാനമന്ത്രി അന്നത്തെ ഓസ്ട്രിയൻ ചാൻസലറും ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി ഹിസ് എക്‌സലൻസി ഷാലെൻബെർഗിനെ കണ്ടിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, ഉയർന്ന സാങ്കേതികവിദ്യ മേഖലകൾ, സ്‌റ്റാർട്ടപ്പ് മേഖലകൾ, മാധ്യമങ്ങൾ, വിനോദം എന്നീ മേഖലകളിലാണ് ഉഭയകക്ഷി സഹകരണത്തിന് രാജ്യം ഒരുങ്ങുന്നതെന്ന് ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്തയാഴ്‌ച വിയന്നയിൽ സ്വാഗതം ചെയ്യുന്നതിന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്.
Also Read :ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി: മോദി റഷ്യയിലേക്ക്, പ്രതീക്ഷയോടെ ക്രെംലിന്‍ - India Russia Annual Summit