ചിത്രദുർഗ (കര്‍ണാടക) :ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയതിന് ഡോക്‌ടറെ സസ്പെൻഡ് ചെയ്‌തു (Doctor Suspended For Pre - Wedding Shoot At Govt Hospital). ഡോക്‌ടർമാരിൽ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്‌മ വച്ചുപൊറുപ്പിക്കില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
"സർക്കാർ ആശുപത്രികൾ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ ജോലികൾക്കായല്ല എന്നും ഡോക്‌ടർമാരിൽ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്‌മ തനിക്ക് സഹിക്കാൻ കഴിയില്ല എന്നും മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ചിത്രദുർഗയിലെ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഡോക്‌ടറായി ജോലി ചെയ്യുന്ന അഭിഷേകിനെ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നിർദേശപ്രകാരമാണ് സസ്‌പെൻഡ് ചെയ്‌തത്. ആരോഗ്യ വകുപ്പിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്‌ടർമാരും ജീവനക്കാരും ഉൾപ്പെടെ എല്ലാ കരാർ ജീവനക്കാരും സർക്കാർ സർവീസ് ചട്ടങ്ങൾക്കനുസൃതമായി അവരുടെ ചുമതലകൾ നിർവഹിക്കണം. സർക്കാർ ആശുപത്രികളില്‍ ഇത്തരം ദുരുപയോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട ഡോക്‌ടർമാരോടും മറ്റ് ജീവനക്കാരോടും താൻ ഇതിനകം നിർദേശിച്ചിട്ടുണ്ടെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.