ന്യൂഡല്‍ഹി:പാര്‍ലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് നടത്തിയ പ്രതികരണത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം തള്ളിയ ചിലർ സഭയെ അസ്വസ്ഥമാക്കാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ജനം തള്ളിയ ചിലർ സഭയെ അസ്വസ്ഥമാക്കാൻ ശ്രമിക്കുകയാണ്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പാർലമെൻ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം പാർട്ടികൾക്ക് അധികാരത്തോട് ആർത്തിയാണ്. ജനം അത്തരക്കാരെ പുറംകാലുകൊണ്ട് ചവിട്ടിക്കളഞ്ഞകാഴ്‌ചയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും മോദി പരിഹസിച്ചു.
നിരവധി കാരണങ്ങളാൽ പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ പാർലമെൻ്റ് ശീതകാല സമ്മേളനമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 235 സീറ്റുകൾ നേടുകയും 288 അംഗ സഭയിൽ 49 സീറ്റുകളിലേക്ക് മഹാ വികാസ് അഘാഡിയെ ഒതുക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പരാമർശം.
പാര്‍ലമെൻ്റിൽ ബഹളം:അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേട്, വഖഫ് വിഷയം, വയനാട് ദുരന്തം, മണിപ്പൂര്‍ വിഷയം എന്നിവ ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സമ്മേളനം തുടങ്ങിയപാടെ പാര്‍ലമെൻ്റില്‍ ബഹളവും തുടങ്ങി. സമ്മേളനം ആരംഭിച്ച ഉടൻ തന്നെ അദാനി, മണിപ്പുർ വിഷയത്തിൽ ആദ്യം ചര്‍ച്ച ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്. അതേസമയം ‘ഒന്നിച്ചാണെങ്കിൽ സുരക്ഷിതരെ’ന്ന മുദ്രാവാക്യം വിളിയോടെയാണ് എൻഡിഎ എംപിമാരെ പാർലമെന്‍റിലേക്ക് വരവേറ്റത്.