ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പ്രധാനമന്ത്രി ഗതിശക്തി നാഷണല്‍ മാസ്‌റ്റര്‍ പ്ലാനിനെ (പിഎംഎൻഎംപി) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൾട്ടിമോഡൽ കണക്റ്റിവിറ്റി വർധിപ്പിച്ചും, രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചും കേന്ദ്ര സര്‍ക്കാരിന്‍റെ വികസിത ഭാരത് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാൻ പ്രധാനമന്ത്രി ഗതിശക്തി നാഷണല്‍ മാസ്‌റ്റര്‍ പ്ലാൻ സഹായിക്കുമെന്ന് മോദി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് സര്‍ക്കാരിന്‍റെ ഗതിശക്തിയെന്ന പദ്ധതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.
രാജ്യത്തിന്‍റെ പുരോഗതി, സംരംഭകത്വം, നൂതനത്വം എന്നിവയിലേക്ക് നയിക്കുന്ന രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളെ പരിവർത്തനം ചെയ്യാൻ പ്രധാനമന്ത്രി ഗതിശക്തി നാഷണല്‍ മാസ്‌റ്റര്‍ പ്ലാൻ സഹായിക്കുമെന്നും മോദി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ലോജിസ്‌റ്റിക്‌സ്-കണക്‌ടിറ്റിവിറ്റി മേഖലയില്‍ അടിസ്ഥാന വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയത്. പ്രധാനമന്ത്രി ഗതിശക്തി നാഷണല്‍ മാസ്‌റ്റര്‍ പ്ലാനിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് പദ്ധതിയുടെ പ്രധാന്യത്തെ കുറിച്ച് മോദി വ്യക്തമാക്കിയത്.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പരിവർത്തന സംരംഭമായി പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്‌റ്റര്‍ പ്ലാൻ ഉയർന്നുവന്നുവെന്ന് മോദി പറഞ്ഞു. ഇത് മൾട്ടിമോഡൽ കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിച്ചു, മേഖലകളിലുടനീളം വേഗമേറിയതും കാര്യക്ഷമവുമായ വികസനം നയിക്കുന്നു, നിരവധി ആളുകൾക്ക് പുതിയ തൊഴില്‍ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും പദ്ധതി കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് വർഷത്തിനുള്ളിൽ 44 കേന്ദ്ര മന്ത്രാലയങ്ങളെയും 36 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സംയോജിപ്പിച്ചാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പില്‍ വരുത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക