ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നും ഇന്ത്യയിലെ പൗരത്വം റദ്ദാക്കണമെന്നുള്ള ഹര്‍ജിയില്‍ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച വിഷയം സൂക്ഷ്‌മ പരിശോധനയിലാണെന്നും അടുത്ത വാദം കേൾക്കുന്ന ഡിസംബർ 19-നകം സർക്കാർ മറുപടി നൽകുമെന്നും കേന്ദ്രം ചൊവ്വാഴ്‌ച അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു.
ഇരട്ട പൗരത്വം ഉണ്ടെന്ന് ആരോപിച്ച് രാഹുലിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ (പിഐഎൽ) തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദേശിച്ചതിന് പിന്നാലെയാണ് അലഹബാദ് ഹൈക്കോടതിയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം.
മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അനുവദിച്ച സമയത്തിനുള്ളില്‍ വിശദമായ മറുപടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഹുലിന്‍റെ ഇരട്ട പൗരത്വത്തെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ വിഘ്നേഷ് ശിശിർ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുകെ സർക്കാരിൽ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന ഇമെയിലുകൾ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
കോണ്‍ഗ്രസ് നേതാവിന്‍റെ ബ്രിട്ടീഷ് പൗരത്വം ഇന്ത്യൻ നിയമപ്രകാരം ഇന്ത്യൻ പൗരത്വം വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കുമെന്ന് ഇമെയിലുകളും ബന്ധപ്പെട്ട തെളിവുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ അവകാശപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 അനുസരിച്ച്, ഒരു വ്യക്തിക്കും ഒരേസമയം ഇന്ത്യൻ പൗരത്വവും മറ്റൊരു രാജ്യത്തിന്‍റെയും പൗരത്വം വഹിക്കാൻ കഴിയില്ലെന്നും ഹര്‍ജിക്കാരൻ വ്യക്തമാക്കി. അതേസമയം, കേസ് ഡിസംബര്‍ 19ന് വീണ്ടും പരിഗണിക്കും. രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഡൽഹി ഹൈക്കോടതിയിൽ സമാനമായ ഹർജി നൽകിയിട്ടുണ്ട്.
Read Also:'മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എന്‍റെ ഉറപ്പ്', വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി