ന്യൂഡല്‍ഹി:പതഞ്ജലി ഫുഡ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജിഎസ്‌ടി ഇന്‍റലിജന്‍സിന്‍സ് വകുപ്പ്. 27.46 കോടി രൂപയുടെ നികുതി അടയ്ക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം. തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായി പതഞ്ജലി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
യോഗ ഗുരു രാം ദേവിന്‍റെ നേതൃത്വത്തിലുള്ള കമ്പനിയാണിത്. ജിഎസ്‌ടി ഇന്‍റലിജന്‍സിന്‍റെ ഡയറക്‌ടറേറ്റ് ജനറലിന്‍റെ ചണ്ഡിഗഡ് സോണല്‍ ഓഫീസില്‍ നിന്ന് തങ്ങള്‍ക്ക് ഈ മാസം 26ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായാണ് കമ്പനി അറിയിച്ചത്. പിഴ ചുമത്താതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാകും വരെ ധന ഇടപാടുകള്‍ വേണ്ടി വരില്ലെന്നാണ് കരുതിയിരുന്നതെന്ന് കമ്പനി വ്യക്തമാക്കി.
വകുപ്പ് 2017 ലെ സെൻട്രൽ ഗുഡ്‌സ് ആന്‍റ് സർവീസസ് ആക്‌ട്, 2017 ലെ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഗുഡ്‌സ് ആന്‍റ് സർവീസസ് ആക്‌ട് എന്നിവയുടെ സെക്ഷൻ 74 ഉം ബാധകമായ മറ്റ് വ്യവസ്ഥകളും ജിഎസ്‌ടി ഇന്‍റലിജന്‍സിന്‍സ് വകുപ്പ് നോട്ടീസില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ നിലയിൽ അതോറിറ്റി ഒരു കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതോറിറ്റിക്ക് മുമ്പാകെ കേസ് വാദിക്കാൻ ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കുമെന്നും പതഞ്ജലി ഫുഡ്‌സ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പ്രതീക്ഷിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ നിർണ്ണയിക്കാൻ കഴിയില്ലെന്നും കമ്പനി വ്യക്‌തമാക്കി.
പ്രമോട്ടർ ഗ്രൂപ്പായ പതഞ്ജലി ആയുർവേദിന്‍റെ ഭക്ഷ്യേതര ബിസിനസ് ഏറ്റെടുക്കാനുള്ള നിർദ്ദേശം വിലയിരുത്തുമെന്ന് പതഞ്ജലി ഫുഡ്‌സ് കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു. പതഞ്ജലി ആയുർവേദ് ലിമിറ്റഡിൽ നിന്ന് ലഭിച്ച പ്രാരംഭ നിർദ്ദേശപ്രകാരം കമ്പനി വിൽക്കുന്ന കാര്യം പതഞ്ജലി ഫുഡ്‌സ് ചർച്ച ചെയ്തതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.
Also Read:'ഞങ്ങള്‍ അന്ധരല്ല..'; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി, അതിരൂക്ഷ വിമര്‍ശനം
1986ലാണ് പതഞ്ജലി ഫുഡ്‌സ് സ്ഥാപിതമായത്. ആദ്യഘട്ടത്തില്‍ രുചി സോയ ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് എന്നാണ് കമ്പനി അറിയപ്പെട്ടിരുന്നത്. ഇതൊരു പ്രമുഖ ഭക്ഷ്യ കമ്പനിയുമായിരുന്നു. ഭക്ഷ്യ എണ്ണകള്‍, മറ്റ് ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയും കമ്പനി ഉത്പാദിപ്പിച്ചിരുന്നു. പതഞ്ജലി, രുചി ഗോൾഡ്, ന്യൂട്രേല തുടങ്ങിയ ബ്രാൻഡുകളുടെ ഒരു വലിയ ശൃംഖല വഴി ഭക്ഷ്യ എണ്ണകൾ, ഭക്ഷണം, എഫ്എംസിജി, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം എന്നീ വിഭാഗങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. പാപ്പരത്വ പ്രക്രിയയിലൂടെ രുചി സോയയെ പതഞ്ജലി ആയുർവേദ് ഏറ്റെടുക്കുകയും പിന്നീട് കമ്പനിയെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്യുകയുമായിരുന്നു.