ന്യൂഡൽഹി:പാർലമെന്‍റില്‍ സുരക്ഷാ വീഴ്‌ചയുണ്ടായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിന് കോടതി 30 ദിവസം കൂടെ സമയം നീട്ടി നൽകി. 2023 ഡിസംബർ 13 ന് പാര്‍ലമെന്‍റിലെ നടുത്തളത്തിലറങ്ങി പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച കേസിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയം നീട്ടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന് അന്വേഷണം പൂർത്തിയാക്കാൻ കോടതി സമയം നീട്ടി നൽകുന്നത്. കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാർച്ചിൽ 45 ദിവസം അനുവദിച്ചിരുന്നു. മെയ് 25 വരെയാണ് ഇപ്പോള്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.
തീർപ്പാക്കാത്ത റിപ്പോർട്ടുകളും പാർലമെന്‍റില്‍ നിന്നുള്ള സാക്ഷികളെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഖണ്ഡ് പ്രതാപ് സിങ് സമയം ആവശ്യപ്പെട്ടത്. ജുഡീഷ്യൽ കസ്‌റ്റഡി അവസാനിച്ചതിനാൽ കേസിലെ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരുടെ കസ്‌റ്റഡിയും മെയ് 25 വരെ കോടതി നീട്ടിയിട്ടുണ്ട്.
മൂന്ന് മാസം കൂടി സമയം നീട്ടണമെന്നായിരുന്നു മാർച്ചിൽ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്‌ജി ഹർദീപ് അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസം അനുവദിക്കുകയായിരുന്നു.