ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി പ്രതിപക്ഷം. നാളെ (ജൂണ്‍ 28) വിഷയം അവതരിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തൂവെന്നും അവ പാർലമെൻ്റില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നീറ്റ് വിഷയത്തിൽ ഞങ്ങൾ നാളെ പാർലമെൻ്റിൽ നോട്ടിസ് നൽകുമെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ അറിയിച്ചു. 'ഇന്ന് നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു. രാഷ്ട്രപതിയുടെ പ്രസംഗം, സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ വിഷയങ്ങളിലും ചർച്ച നടക്കും. വരും ദിവസങ്ങളിൽ നിങ്ങൾ ഇത് കാണു'മെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.