ന്യൂഡല്‍ഹി: ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്‌ട്രപതി ഉത്തരവ്. മലയാളിയായ കെ. കൈലാഷ്‍നാഥനാണ് പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണര്‍. പുതുച്ചേരിക്ക് പുറമേ തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്-ചണ്ഡീഗഢ്, അസം, സിക്കിം, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.
ജിഷ്‌ണുദേവ് വർമ്മയാണ് പുതിയ തെലങ്കാന ഗവർണര്‍. ഹരിഭാവു കിസന്‍ റാവു ബാഗ്‌ഡെയെ രാജസ്ഥാൻ ഗവർണറായി നിയമിച്ചു. ഓം പ്രകാശ് മാത്തൂര്‍ സിക്കിം ഗവർണറായി നിയമിതനായി.
സന്തോഷ് കുമാർ ഗാംഗ്വാര്‍ ജാർഖണ്ഡ് ഗവർണറായും രമണ്‍ ദേകയെ ഛത്തീസ്‌ഗഢ് ഗവർണറായും മേഘാലയ ഗവർണറായി സി എച്ച് വിജയശങ്കറിനെയും നിയമിച്ചു.
തെലങ്കാനയുടെ അധിക ചുമതലയുണ്ടായിരുന്ന ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്‌ണനാണ് പുതിയ മഹാരാഷ്‌ട്ര ഗവർണര്‍. അസം ഗവർണർ ഗുലാബ് ചന്ദ് കതാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിന്‍റെ അഡ്‌മിനിസ്ട്രേറ്ററായും നിയമിച്ചു. സിക്കിം ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതല കൂടി ലക്ഷമണ്‍ പ്രസാദ് വഹിക്കും.
പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണര്‍ കൈലാഷ്‍നാഥൻ 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് ജില്ലയിലെ വടകരയാണ് സ്വദേശം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു കൈലാഷ്‍നാഥൻ. പിന്നീട് ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നീ നാല് മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.
Also Read :കശ്‌മീരില്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് കൂടുതല്‍ അധികാരം; നിയമം ഭേദഗതി ചെയ്‌ത് ആഭ്യന്തര മന്ത്രാലയം