കോട്ട(രാജസ്ഥാന്‍):കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കോട്ടയിലെ ആശുപത്രിയില്‍ മരിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതും മൂലം കുട്ടിയെ രണ്ട് ദിവസം മുമ്പാണ് നഗരത്തിലെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്(NEET aspirant from UP dies in Kota hospital).
ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ നിന്നുള്ള ശിവറാം രാഘവ് (21) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മൂന്ന് വര്‍ഷമായി ശിവറാം ഇവിടെ പരിശീലനം നടത്തുകയാണ്. കുന്‍ഹാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹോസ്റ്റലിലാണ് ഇയാള്‍ താമസിക്കുന്നത്(Shivam Raghav).
ആറ് മാസമായി വിദ്യാര്‍ത്ഥിയുെട രക്തത്തില്‍ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും കൂടുതലാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചിട്ടും നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിദ്യാര്‍ത്ഥി ആശുപത്രിയിലായതറിഞ്ഞ് വീട്ടുകാര്‍ എത്തിയിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാഘവ് നീറ്റ് പാസായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചില്ല. നാല് ദിവസത്തിനിടെ കോട്ടയില്‍ ഇത് രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് മരിക്കുന്നത്. വ്യാഴാഴ്ച പര്‍നീത് രാജ് റോയ് (18) എന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്ന ജാംഷെഡ്‌പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന മുറിയില്‍ വച്ചാണ് അസ്വസ്ഥകളുണ്ടായത്. തുടര്‍ന്ന് പര്‍നീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹം ഏറ്റുവാങ്ങാനെത്തിയ പര്‍നീതിന്‍റെ പിതാവ് രാജീവ് രഞ്ജന്‍ റോയ് സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ടു. വിവിധ മത്സരപരീക്ഷകള്‍ക്ക് പ്രശസ്‌തമായ ഇന്ത്യയിലെ കേന്ദ്രമായി കോട്ട മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇവിടെ വിവിധ പരീക്ഷകളുടെ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മരണവും ദിവസവും പുറത്ത് വരുന്നുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന അമിത മാനസിക സമ്മര്‍ദ്ദമാണ് ഇത്തരം മരണത്തിലേക്ക് നയിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. പരിശീലന സ്ഥാപനങ്ങളിലെ അധികൃതരുടെ ഇടപെടലുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരാതിയുണ്ട്.
കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് ഇരുപതിലധികം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്‌തത്.വിദ്യാർഥികളുടെ ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാനും നിർദേശങ്ങൾ നൽകാനുമായി ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി ഉഷ ശർമ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പ്രതിനിധികൾ, രക്ഷിതാക്കൾ, ഡോക്‌ടർമാർ എന്നിവരും യോഗത്തിൽ പങ്കാളികളായിരുന്നു.
Also Read:'കോട്ട'യിലെ ജീവത്യാഗങ്ങള്‍ തുടര്‍ക്കഥയാകുന്നു ; നീറ്റ് മെഡിക്കൽ പരീക്ഷാർത്ഥി ആത്മഹത്യ ചെയ്‌ത നിലയില്‍