ഹൈദരാബാദ് :തെലങ്കാനയിൽ ഇരട്ടക്കുട്ടികളെ കുളത്തിൽ എറിഞ്ഞ് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അമ്മയും മറ്റൊരു കുട്ടിയും രക്ഷപ്പെട്ടു. കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഭർത്താവുമായുള്ള വഴക്ക് പതിവായതിനെ തുടർന്നാണ് ആത്മഹത്യ ശ്രമം. അമീൻപൂരിലാണ് സംഭവം.
ചന്ദനഗറിൽ താമസിക്കുന്ന ദമ്പതികളായ ശ്വേതയും വിദ്യാധർ റെഡ്ഡിയും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. തങ്ങളുടെ ഇരട്ടക്കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി അവർക്കിടയിൽ വഴക്ക് പതിവായിരുന്നു. ബുധനാഴ്‌ച (ജൂൺ 12) രാവിലെയോടെ ഓഫിസ് ജോലിക്കായി വിദ്യാധർ റെഡ്ഡി വാറങ്കലിലേക്ക് പോയി.
ഈ സമയം ശ്വേതയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. വ്യാഴാഴ്‌ച (ജൂൺ 13) പുലർച്ചെ രണ്ട് മണിയോടെയാണ് ശ്വേത മൂന്ന് വയസുള്ള മക്കളായ ശ്രീഹയേയും ശ്രീഹാൻസിനെയും കുളത്തിലെറിഞ്ഞ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചന്ദനഗറിൽ നിന്ന് അമീൻപൂർ സായിബാബ ക്ഷേത്രത്തിന് സമീപത്തെ തടാകക്കരയിലെത്തിയാണ് ആത്‌മഹത്യ ശ്രമം.