ജയ്‌പൂർ: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 ആയി റിയ സിൻഹ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ (സെപ്റ്റംബർ 22 ) രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന മത്സരത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഈ വർഷം അവസാനം മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂനിവേഴ്‌സ് 2024 മത്സരത്തിൽ റിയ സിൻഹ ഇന്ത്യയെ പ്രതിനിധീകരിക്കും.
'ഇന്ന് ഞാൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 കിരീടം നേടി. മുമ്പത്തെ വിജയികളിൽ നിന്ന് ഞാന്‍ പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ട്. ഈ വർഷം ഇന്ത്യ വീണ്ടും മിസ് യൂണിവേഴ്‌സ് കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ പെൺകുട്ടികളും അർപ്പണബോധമുള്ളവരും സുന്ദരികളുമാണ്. ഈ കിരീടത്തിന് ഞാന്‍ യോഗ്യയാണെന്ന് കരുതാൻ എന്നെ പ്രേരിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.' കിരീടനേട്ടത്തിന് ശേഷം റിയ സിൻഹ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
18 കാരിയായ റിയ സിൻഹ ഗുജറാത്ത് സ്വദേശിയാണ്. നടിയും മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015 വിജയിയുമായ ഉർവശി റൗട്ടേല ആണ് വിജയിയെ പ്രഖ്യാപിച്ചത്. ഇന്ത്യ ഈ വർഷം വീണ്ടും മിസ് യൂണിവേഴ്‌സ് കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉർവശി റൗട്ടേല പറഞ്ഞു. 51 പേരോടാണ് അവസാന റൗണ്ടിൽ റിയ സിന്‍ഹ മാറ്റുരച്ചത്. പ്രാഞ്ചല്‍ പ്രിയ ഫസ്‌റ്റ് റണ്ണറപ്പും ഛവി വെര്‍ജ് സെക്കന്‍ഡ് റണ്ണറപ്പുമായി.
മിസ് യൂണിവേഴ്‌സ് മത്സരം
തായ്‌ലൻഡും യുണൈറ്റഡ് സറ്റേറ്റ്‌സും ആസ്ഥാനമായുള്ള മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ എല്ലാ വർഷവും നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമാണ് മിസ്സ് യൂണിവേഴ്‌സ്. ഇത്തവണ റിയ സിൻഹയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ മത്സരത്തിൽ പങ്കെടുക്കുക. മിസ് വേൾഡ്, മിസ് ഇന്‍റർനാഷണൽ, മിസ് എർത്ത് എന്നിവയ്‌ക്കൊപ്പം നടത്തുന്ന ബിഗ് ഫോർ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിൽ ഒന്ന് കൂടി ആണ് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരം. 1952-ൽ കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ് ആദ്യ മിസ്സ് യൂണിവേഴ്‌സ് മത്സരം നടന്നത്. ഫിൻലൻഡ് ആയിരുന്നു ആദ്യ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. നിക്കരാഗ്വയുടെ ഷെയ്ന്നിസ് പാലാസിയോസ് ആണ് നിലവിലെ വിശ്വസുന്ദരി.
ഇന്ത്യയുടെ വിശ്വസുന്ദരി പട്ടങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് 1994 ൽ സുഷ്‌മിത സെനിലൂടെ ആണ് ഇന്ത്യ ആദ്യ വിശ്വസുന്ദരി പട്ടം സ്വന്തമാക്കുന്നത്. ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടാണ് സുഷ്‌മിത സെൻ 'ഫെമിന മിസ്സ് ഇന്ത്യ' കിരീടം സ്വന്തമാക്കുന്നത്. സുഷ്‌മിതയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ്, അതേ വർഷം തന്നെ മിസ്സ് വേൾഡ് മത്സരത്തിൽ വിജയിയായിരുന്നു.
ലാറ ദത്തയാണ് രണ്ടാമതും ഇന്ത്യയിലേക്ക് വിശ്വസുന്ദരിപട്ടം എത്തിച്ചത്. 2000 ലാണ് ലാറ ദത്ത കിരീടമണിഞ്ഞത്. പിന്നീട് തമിഴ് സിനിമയിലും ഹിന്ദി സിനിമയിലും ലാറക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും മുൻനിര നായിക ആവാന്‍ ലാറക്കായില്ല.
പിന്നീട് 2021 ലാണ് മൂന്നാമത്തെ വിശ്വകിരീട നേട്ടം ഇന്ത്യയെ തേടി എത്തുന്നത്. പഞ്ചാബിൽ നിന്നുള്ള ഹർനാസ് സന്ധുവാണ് അവസാനമായി ഇന്ത്യയിൽ നിന്നും മിസ് യൂണിവേഴ്‌സ് ടൈറ്റിൽ വിൻ ചെയ്‌തത്. റിയ സിൻഹയിലൂടെ അടുത്ത കിരീടനേട്ടം സ്വപ്‌നം കാണുന്നുണ്ട് ഇന്ത്യ.
Also Read:കൊമോണ്ടര്‍ നായകളുടെ രോമം മാതൃകയാക്കി സ്‌റ്റൈലിങ്; പുത്തന്‍ ലുക്കില്‍ സീനത്ത് അമന്‍