ജയ്‌പൂർ :രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്‌റ്റ് തകർന്ന് വീണ് അപകടം. ഖനിയിൽ അകപ്പെട്ട 14 പേരിൽ 8 പേരെ ഇതിനകം രക്ഷിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ ജുൻജുനു ജില്ലയിലെ കോലിഹാൻ ഖനിയില്‍ ഇന്നലെ (മെയ് 14) രാത്രി 8 മണിയോടെയാണ് സംഭവം. ഖനിയിൽ ഇറങ്ങാനും മുകളിലേക്ക് കയറാനും ഉപയോഗിക്കുന്ന ലിഫ്‌റ്റാണ് തകർന്നത്. 1875 അടി താഴ്‌ചയിലുള്ള ഖനിയിൽ ഇനിയും 6 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അപകട വിവരമറിഞ്ഞതെന്നും, ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും ബിജെപി എംഎൽഎ ധർമപാൽ ഗുർജാർ പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയടക്കം വിളിച്ചതായും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്ന് ഭരണകൂടവും ജാഗ്രതയിലാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.