ബെംഗളൂരു : പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയുമായും മറ്റ് അംഗങ്ങളുമായും സിദ്ധരാമയ്യ ഇന്ന് നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം ഉന്നയിച്ചത്. മന്ത്രിസഭാംഗങ്ങൾ, സർക്കാർ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ചീഫ് സെക്രട്ടറി എൽ.കെ അതിഖ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നല്ല രീതിയിൽ മുന്നേറുന്ന സംസ്ഥാനങ്ങൾക്ക് നിതി ആയോഗ് തുല്യ പരിഗണന നൽകണമെന്ന് സിദ്ധരാമയ്യ കമ്മിറ്റിയില്‍ നിര്‍ദേശിച്ചു. തങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്ന്, പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ പുരോഗതിയുടെ കേന്ദ്ര ബിന്ദുവാണ് കർണാടക. ദേശീയ ജിഡിപിയിൽ കർണാടകയുടെ സംഭാവന ഏകദേശം 8.4% ആണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്‌ടി കലക്ഷനുള്ള സംസ്ഥാനമാണിത്. ഏകദേശം 4 ലക്ഷം കോടിയോളം നികുതിപ്പണമാണ് സംസ്ഥാനത്ത് നിന്ന് നികുതിയായി കേന്ദ്രത്തിലേക്ക് വർഷംതോറും പോകുന്നത്. സംസ്ഥാനത്തിന് പ്രതിവർഷം നികുതി വിഹിതമായി 45,000 കോടി രൂപയും കേന്ദ്ര ഗ്രാന്‍റായി 15,000 കോടി രൂപയും ലഭിക്കുന്നു. കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ്ക്കും 15 പൈസ മാത്രമാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
14-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനുള്ള നികുതി വിഹിതം 4.71% ആയിരുന്നു. എന്നാൽ 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ഇത് 3.64% ആയി കുറഞ്ഞു. നികുതി വിഹിതത്തിൽ 25% കുറവുണ്ടായി. ഇതുവഴി 2021-2026 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് 68,275 കോടി രൂപയുടെ നഷ്‌ടമുണ്ടായി.