ന്യൂഡല്‍ഹി :പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും. വോട്ടിങ് വിവരങ്ങള്‍ നല്‍കുന്നതിലെ കാലതാമസവും ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളും ഉന്നയിച്ചാണ് സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുക. വോട്ടിങ് വിവരങ്ങള്‍ കൃത്യമായി നല്‍കാത്തത് ഫലം അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും നേതാക്കള്‍ അറിയിക്കും.
വെള്ളിയാഴ്‌ചയാണ് (മെയ് 10) സംഘം കമ്മിഷനുമായി കൂടിക്കാഴ്‌ച നടത്തുക. ഇന്ന് (മെയ് 9) യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അത് പിന്നീട് നാളെത്തേക്ക് മാറ്റുകയായിരുന്നു. സമാന വിഷയം ഉന്നയിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) എന്നിവയുൾപ്പെടെയുള്ള പാര്‍ട്ടികള്‍ പോളിങ് പാനലിന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷവുമാണ് കമ്മിഷന്‍ പുറത്ത് വിട്ടത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ബിജെപി മതചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാക്കള്‍ കമ്മിഷനില്‍ ഉന്നയിക്കുമെന്ന് വൃത്തങ്ങള്‍ പറയുന്നു.