ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന്, അതായത് ഡിസംബര്‍ പതിമൂന്നിലെ അന്തരീക്ഷ മലിനീകരണ സൂചിക എക്യുഐ 288ലെത്തിയിരിക്കുന്നു. വലിയ ആശങ്കകളാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇന്ത്യനഗരങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്.
ഡിസംബര്‍ പന്ത്രണ്ടിന് ഡല്‍ഹിയിലെ മലിനീകരണത്തോത് എക്യുഐ പൂജ്യത്തിനും അഞ്ഞൂറിനുമിടയിലായിരുന്നു. പതിനൊന്ന് മണിയോടെ ഇത് 270 ആയി. പന്ത്രണ്ട് മണിയായപ്പോള്‍ 273ലെത്തി. മൂന്ന് മണിയോടെ 286 ആയി. രാത്രി എട്ട് മണിക്ക് ഇത് 296ലെത്തി. വ്യാഴാഴ്‌ചത്തെ ശരാശരി എക്യുഐ 288 ആണ്. മോശം എന്ന മലിനീകരണ വിഭാഗത്തിലായിരുന്നു രാജ്യതലസ്ഥാനം. തൊട്ടു മുമ്പത്തെ ദിവസം ഇത് മിതമായ 199ല്‍ ആയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉഷ്‌ണതരംഗവും കടല്‍നിരപ്പുയരലും മുതല്‍ കൊടുങ്കാറ്റും നഗര വെള്ളപ്പൊക്കവും വരെയുള്ള പാരിസ്ഥിതിക വെല്ലുവിളികള്‍ കേവലം ജീവനുകള്‍ക്ക് ഭീഷണി ആകുക മാത്രമല്ല മറിച്ച് ഇന്ത്യന്‍ നഗരങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയും ചെയ്യുന്നു.
മുമ്പില്ലാത്ത വിധം നഗരവത്ക്കരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന വെല്ലുവിളികളില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. സാമ്പത്തിക തകര്‍ച്ച വിദൂരതയിലുള്ള ഒരു സാധ്യതയല്ല, മറിച്ച് മറനീക്കി പുറത്ത് വരുന്ന യാഥാര്‍ത്ഥ്യമാണ്. ഇത് നേരിടാന്‍ സുസ്ഥിര വളര്‍ച്ചാ തന്ത്രങ്ങള്‍ ആവശ്യമാണ്. കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളും മികച്ച നഗരാസൂത്രണവും ഇതിനായി വേണം.
- നഗരങ്ങളിലെ വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക നഷ്‌ടം
ഇന്ത്യന്‍ നഗരങ്ങള്‍, പ്രത്യേകിച്ച് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലുള്ള മെട്രോകള്‍ കഠിനമായ ചൂടിന്‍റെ പിടിയിലാണ്. ഉഷ്‌ണതരംഗം, ശീതതരംഗം, കൊടുങ്കാറ്റുകള്‍ തുടങ്ങിയവ സാധാരണ ജനജീവിതത്തെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് കൃഷി, ഗതാഗതം, സേവനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയവയെയും സാരമായി ബാധിക്കുന്നു.
വേനല്‍ക്കാലത്ത് ഡല്‍ഹിയില്‍ ഉഷ്‌ണതരംഗം അന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്നുവെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ ശരദ് കൊഹ്‌ലി ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്ത് ശീതതരംഗം സാധാരണ ജീവിതത്തെയും സേവനങ്ങളെയും ബാധിക്കുന്നു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടാകുന്ന കോടമഞ്ഞ് സാമ്പത്തിക പ്രവൃത്തികളെ മന്ദീകരിക്കുന്നു. ചരക്കുനീക്കവും ഗതാഗതവും തടസപ്പെടുന്നു.
അതുപോലെ തന്നെ തീരനഗരമായ മുംബൈയില്‍ ഉണ്ടാകുന്ന കനത്ത മഴയില്‍ ഇടയ്ക്കിടെ വെള്ളപ്പൊക്കം ഉണ്ടാകുന്നു. ഇത് ഗതാഗതത്തെ ബാധിക്കുന്നു, അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു കളയുന്നു, കടല്‍വെള്ളം കലരുന്നതിനാല്‍ ശുദ്ധജലവിതരണത്തിനും തടസം നേരിടുന്നു. ഇതെല്ലാം തൊഴിലാളികളുടെ ഉത്‌പാദന ക്ഷമതയെയും വിതരണ ശൃംഖലയെയും മൊത്തം സാമ്പത്തിക കാര്യക്ഷമതയെയും ബാധിക്കുന്നു.
കൊല്‍ക്കത്തയിലും കാര്യം വ്യത്യസ്‌തമല്ല. ഇവിടെ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും നിത്യസംഭവമാണ്. നഗരത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ സമീപത്തെ കാര്‍ഷിക മേഖലകള്‍ക്ക് ഇത് കനത്ത ആഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു. തൊഴില്‍ ഉത്‌പാദന ക്ഷമത, വസ്‌തു നാശം, കാര്‍ഷിക വിള നഷ്‌ടം തുടങ്ങിയവ നാഗരിക ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നു.
- കാലാവസ്ഥ വ്യതിയാനം നേരിടാന്‍ വേണ്ടി വരുന്ന വര്‍ദ്ധിച്ച ചെലവ്
അസാധാരണ നിരക്കിലാണ് ഇന്ത്യയില്‍ നഗരവത്ക്കരണം സംഭവിക്കുന്നത്. 2050ഓടെ നാഗരിക ജനത 8710 ലക്ഷത്തിലേക്ക് എത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തല്‍. ഈ വലിയ വളര്‍ച്ച കാലാവസ്ഥ വ്യതിയാന വെല്ലുവിളികളും വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം മോശം നഗരാസൂത്രണവും സാഹചര്യം കടുത്തതാക്കുന്നു. കനത്ത ചൂടോ, വെള്ളപ്പൊക്കമോ സമുദ്ര നിരക്ക് വര്‍ദ്ധനയോ നേരിടാന്‍ നഗരങ്ങളില്‍ യാതൊരു മാര്‍ഗവും ഇല്ല.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ കടല്‍നിരപ്പ് ഉയരുന്നതിന്‍റെ ഭീഷണി നേരിടുന്നു. 2020ല്‍ അംഫാന്‍ ചുഴലിക്കാറ്റ് സുന്ദര്‍ബന്‍സിനെ ബാധിച്ചപ്പോള്‍ ഇത് കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കി. വിള, വീട്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞു. സാമ്പത്തികമായി ഇതെല്ലാം വിഭവങ്ങളെയാണ് ബാധിക്കുന്നത്. ഇതിന് പുറമെ വാണിജ്യത്തെയും തകരാറിലാക്കുന്നു. ഇതിനെല്ലാം ഉപരി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫണ്ടുകള്‍ വകമാറ്റി അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു.
- പൊതുജനാരോഗ്യത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമേല്‍പ്പിക്കുന്ന ആഘാതം
കടുത്ത കാലാവസ്ഥ നഗരാരോഗ്യത്തെയും ഉത്പാദനക്ഷമതയെയും ബാധിക്കുന്നു. ഉയര്‍ന്ന ചൂടും ആര്‍ദ്രതയും കണക്കാക്കുന്ന വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍(ഡബ്ല്യുബിജിടി)ഇതിനകം തന്നെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളില്‍ അപകട നില കടന്നിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നത് തൊഴില്‍ സേനയുടെ കാര്യശേഷിയെ ബാധിക്കുന്നു. ഇത് സാമ്പത്തിക ഉത്പാദന ക്ഷമതയെ, വിശേഷിച്ച് തൊഴിലാളി കേന്ദ്രീകൃത നിര്‍മാണ-കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുന്നു.
കടല്‍നിരപ്പ് ഉയരുന്നതിന്‍റെ കൊടുങ്കാറ്റുകളുടെയും വലിയ ദുരിതങ്ങള്‍ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്ന് ഡല്‍ഹി ഐഐടിയിലെ സാമ്പത്തിക വിദഗ്ദ്ധ പ്രൊഫ.സീമ ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു. ഇത് അടിസ്ഥാന സൗകര്യങ്ങളെ തകിടം മറിക്കുന്നു. വെള്ളപ്പൊക്കവും ചുഴലിക്കാറ്റുകളും പൊതുഗതാഗതത്തെയും ജലവിതരണത്തെയും വൈദ്യുത സംവിധാനങ്ങളെയും കടപുഴക്കുന്നു. ഇത് പൊതു പ്രതിസന്ധികള്‍ക്കും കനത്ത സാമ്പത്തിക നഷ്‌ടത്തിനും കാരണമാകുന്നു. അത് കൊണ്ട് തന്നെ ഹരിത സാങ്കേതികതയ്ക്ക് നാം മുന്‍ഗണന നല്‍കണം. ഈ ആഘാതങ്ങള്‍ മറികടക്കാനായി സുസ്ഥിര മാര്‍ഗങ്ങളിലേക്ക് തിരിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹ്രസ്വകാല കാര്‍ബണ്‍ വാണിജ്യം നമ്മെ സഹായിച്ചേക്കാം. എന്നാല്‍ ആഗോള സഹകരണത്തിലൂടെയും നയം മാറ്റത്തിലൂടെയും ദീര്‍ഘകാല പരിഹാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തം സുസ്ഥിരമാറ്റത്തിന് സഹായകമാകും. സഹകരണമേഖലയ്ക്കും ഈ വെല്ലുവിളികള്‍ നേരിടാനുള്ള പ്രാപ്‌തിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
- മേഖലാതല ആഘാതങ്ങള്‍: കൃഷി, സേവനങ്ങള്‍, മറ്റ് ചിലത്