ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ അക്രമസംഭവങ്ങളിൽ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. കണ്ടാൽ അറിയാവുന്ന 5,000ത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു (Haldwani Violence).
പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നാലുപേരും മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്കാണ് വെടിവച്ചതെന്ന പൊലീസ് അവകാശവാദം നിലനിൽക്കെയാണ് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.
നിരോധനാജ്ഞ നിലനിൽക്കുന്ന ഹൽദ്വാനിയിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് പിന്നാലെ കേബിൾ ടിവി ബന്ധവും വിച്ഛേദിച്ചു. പ്രശ്‌നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഗവർണറുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംഘർഷങ്ങൾക്ക് പിന്നാലെ ഹൽദ്വാനിയിലെ സുരക്ഷാക്രമീകരണങ്ങളും വർധിപ്പിച്ചിട്ടുണ്ട്.