പുതുച്ചേരി/ചെന്നൈ: പുതുച്ചേരിയ്‌ക്ക് സമീപം ഇന്നലെ കരതൊട്ട ഫെൻജൽ ചുഴലിക്കാറ്റ് ദുർബലമായി. ഫെൻജൽ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വളരെ സാവധാനത്തിൽ പടിഞ്ഞാറോട്ട് നീങ്ങുകയും ക്രമേണ ദുർബലമാവുകയും വടക്കൻ തമിഴ്‌നാടിന് മുകളില്‍ ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിലുണ്ടായ പേമാറി പുതുച്ചേരിയെ അക്ഷരാര്‍ഥത്തില്‍ മുക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോഡായ 46 സെന്‍റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്. നിരവധി വീടുകള്‍ വെള്ളത്തിലായതിനൊപ്പം ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തിൽ ഒഴികിപ്പോയതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ ഒഴിപ്പിക്കുന്നതിനായുള്ളസൈന്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൃഷ്‌ണ നഗർ ഉൾപ്പെടെ പുതുച്ചേരിയിലെ മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഡിഫൻസ് റിലീസിൽ പറയുന്നു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വില്ലുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചു.